
കോഴിക്കോട്: പത്തു വർഷം മുമ്പ് എയർ ഇന്ത്യാ ഒാഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായ കേസിൽ ഹാജരാവുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയശേഷം ഇന്നലെ ജാമ്യം തേടിയെത്തിയ ടി.വി രാജേഷ് എം.എൽ.എ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി. എ മുഹമ്മദ് റിയാസ്, സി.പി.എം നേതാവ് കെ.കെ.ദിനേശൻ എന്നിവരെ നാലാം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
വിമാന യാത്രക്കൂലി വർദ്ധനവിനെതിരെ 2010 സെപ്തംബർ 6നാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കോഴിക്കോട് എയർ ഇന്ത്യാ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഉദ്ഘാടനം ചെയ്ത അന്നത്തെ സംസ്ഥാന പ്രസിഡന്റ് ടി.വി രാജേഷ്, സമരത്തിന് നേതൃത്വം നൽകിയ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിയാസ്, ജില്ലാ ഭാരവാഹി കെ.കെ. ദിനേശൻ തുടങ്ങി പത്തോളംപേരെ പ്രതിചേർത്ത് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.
ജാമ്യത്തിലിറങ്ങിയ രാജേഷ്, മുഹമ്മദ് റിയാസ്, ദിനേശൻ എന്നിവർ ഒരു തവണ മാത്രമാണ് പിന്നീട് കോടതിയിൽ ഹാജരായത്. പ്രതികളെ പിടികിട്ടാപ്പുള്ളികളായി കണക്കാക്കിയ ശേഷം ഇവർക്കെതിരെയുള്ള കേസ് 2019ൽ വേർതിരിച്ചു. ഹാജരായവരിൽ രണ്ടു പ്രതികളെ ശിക്ഷിച്ചപ്പോൾ ഒരാളെ വെറുതെ വിട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ കേസിൽ ജാമ്യം ലഭിക്കാൻ ടി.വി.രാജേഷടക്കം മൂവരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഇന്നലെ ജാമ്യാപേക്ഷയുമായി എത്തിയതോടെയാണ് റിമാൻഡിലായത്.