മുക്കം: അമേരിക്കയിലെ വെർജീനിയ ലിബർട്ടി സർവകലാശാല മീറ്റിൽ മലയാളി താരത്തിന് വെള്ളി തിളക്കം. കോഴിക്കോട് ജില്ലക്കാരിയും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ അഭിമാന താരവുമായ ലിസ്ബത് കരോളിൻ ജോസഫാണ് വെള്ളിമെഡൽ നേടിയത്. കൊല്ലിത്താനത്ത് സജിയുടെയും ലെൻസിയുടെയും മകളായ ലിസ്‌ബത് കരോളിൻ ജോസഫ് സ്കോളർഷിപ്പോടുകൂടിയാണ് (നാലു വർഷം ഒരുകോടി അറുപത്തി നാലു ലക്ഷം രൂപയുടെ സ്കോളർഷിപ് ) അമേരിക്കയിലെ വിർജീനിയ ലിബർട്ടി സർവകലാശാലയിൽ ഉപരി പഠനം നടത്തുന്നത്. ആദ്യ മത്സരത്തിൽ തന്നെ രണ്ടാം സ്ഥാനം നേടി മികവ് തെളിയിച്ചിരിക്കുകയാണ് ഈ മലയാളി താരം. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിൽ ടോമി ചെറിയാന്റെ കീഴിലാണ് ലിസ്ബത്ത് പരിശീലനം നേടിയിരുന്നത്.