പ്രവേശനം മാസ്‌ക് ധരിച്ചവർക്ക് മാത്രം
കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവത്തിന് വ്യാഴാഴ്ച രാത്രി കൊടിയേറും. 7. 25നും 7.45നും മദ്ധ്യേയായിരിക്കും കൊടിയേറ്റം. 11ന് മഹാശിവരാത്രിയോടെ ഉത്സവം സമാപിക്കും.
കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ആചാര ചടങ്ങുകളിൽ ഒതുക്കിയാണ് ഈ വർഷം ഉത്സവം നടത്തുന്നതതെന്ന് ക്ഷേത്രയോഗം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ പ്രാദേശിക കമ്മിറ്റികളുടെ ആഭിമുഖ്യത്തിലുളള ആഘോഷവരവും കലാപരിപാടികളും ഇക്കൊല്ലം ഉണ്ടാവില്ല. ഭക്തജനങ്ങൾ കൂട്ടത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കും. മാസ്‌കും സുരക്ഷിത അകലവും ഉറപ്പാക്കി മാത്രമെ ക്ഷേത്രദർശനം അനുവദിക്കുകയുളളൂ.
കൊടിയേറ്റ ചടങ്ങുകളും വിശേഷാൽ പൂജകളും മറ്റു താന്ത്രിക കർമ്മങ്ങളും ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി കെ.വി. ഷിബു ശാന്തിയുടെയും മറ്റു ശാന്തിമാരുടെയും കാർമ്മികത്വത്തിലാണ് നടക്കുക. ദിവസവും രാവിലെ 8.30നും വൈകിട്ട് 5 നും രാത്രി 8 നും ദേവരഥത്തിൽ എഴുന്നളളത്തുണ്ടാവും. ഉത്സവനാളുകളിൽ ശ്രീകണ്‌ഠേശ്വരനും ഉപദേവതമാർക്കും വിശേഷാൽ കലശവും നടക്കും.
വെള്ളിയാഴ്ച രാവിലെ 9 ന് ഗണപതിയ്ക്ക് നവകലശാഭിഷേകം, സർവവിഘ്‌ന നിവാരണ പൂജ, ശനിയാഴ്ച ശാസ്താവിന് നവകലശാഭിഷേകം, ശനിപ്രദോഷ നിവാരണപൂജ, ഞായറാഴ്ച സ്വയംവര പാർവതിയ്ക്ക് നവകലശാഭിഷേകം, സ്വയംവര പാർവതീപൂജ, തിങ്കളാഴ്ച സുബ്രഹ്മണ്യസ്വാമിയ്ക്ക് നവകലശാഭിഷേകം, സുബ്രഹ്മണ്യപൂജ, ചൊവ്വാഴ്ച മഹാവിഷ്ണുവിന് നവകലശാഭിഷേകം, ഗുരുപൂജ, വിഷ്ണുപൂജ, ബുധനാഴ്ച നവഗ്രഹങ്ങൾക്ക് കലശാഭിഷേകം, നവഗ്രഹപൂജ എന്നിവയുണ്ടായിരിക്കും. ബുധനാഴ്ച വൈകിട്ട് 4 ന് ആറാട്ട് കുട കൈമാറ്റ ചടങ്ങും ക്ഷേത്രക്കുളത്തിൽ തെപ്പോത്സവവും നടക്കും. രാത്രി 9 നാണ് പളളിവേട്ട. 10 ന് പളളിനിദ്ര. വ്യാഴാഴ്ച മഹാശിവരാത്രി നാളിൽ പുലർച്ചെ മഹാദേവന് മഹാരുദ്രാഭിഷേകം. വൈകിട്ട് 5 ന് പാർത്ഥസാരഥി മണ്ഡപത്തിൽ ശിവസഹസ്ര നാമാർച്ചന. രാത്രി 8 ന് ആറാട്ട് പുറപ്പാട്. തുടർന്ന് ആറാട്ട് ബലിയും ആറാട്ടും കഴിഞ്ഞ് എഴുന്നളളിപ്പോടെ കൊടിയിറക്കൽ.
വിശേഷാൽ അഭിഷേകങ്ങൾ, പഞ്ചവിംശതി, കലശാഭിഷേകം, ശിവരാത്രി വിശേഷാൽ ചതുർയാമപൂജ എന്നിവയാണ് ശിവരാത്രി ഉത്സവച്ചടങ്ങുകൾ. മഹാശിവരാത്രി നാളിൽ ആറാട്ട് വേളയൊഴി ച്ച് മറ്റു സമയങ്ങളിൽ നട അടയ്ക്കില്ല.
വാർത്താസമ്മേളനത്തിൽ ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് പൊറോളി സുന്ദർദാസ്, ജനറൽ സെക്രട്ടറി എടക്കോത്ത് സരേഷ് ബാബു, ട്രഷറർ കെ.വി. അരുൺ എന്നിവർ സംബന്ധിച്ചു.