മുക്കം: കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവർത്തനം പുന:രുജ്ജീവിപ്പിക്കാൻ ഗ്രെയ്സ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് ഒരുക്കിയ ബിരിയാണിചാലഞ്ച് നാട്ടുകാരും പ്രവാസികളും കൈകോർത്തപ്പാേൾ വൻ വിജയമായി. ഇതിലൂടെ 53. 54 ലക്ഷം രൂപ സമാഹരിക്കാനായെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫെബ്രുവരി 20 നാണ് ബിരിയാണി ചലഞ്ച് നടത്തിയത്. മൊത്തം 36,048 പായ്ക്കറ്റ് ബിരിയാണി വിതരണം ചെയ്തതിലൂടെ 36. 04 ലക്ഷം രൂപ ലഭിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് സംഭാവനയായി 25. 76 ലക്ഷം രൂപയും വന്നു. ജിദ്ദയിലെ മുക്കം ഏരിയാ കൂട്ടായ്മ (മാക് ജിദ്ദ ) 5. 55 ലക്ഷം എത്തിച്ചപ്പോൾ ചേന്ദമംഗല്ലൂർ യു.എ.ഇ കൂട്ടായ്മ (സിയ യു.എ.ഇ) 4. 60 ലക്ഷം രൂപയും കൈമാറി. അവിടെയും ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചായിരുന്നു ഫണ്ട് സമാഹരണം. ചെലവ് വെറും18. 42 ലക്ഷം രൂപയിൽ ഒതുക്കി. എല്ലാ സാമ്പത്തിക ഇടപാടുകളും കഴിഞ്ഞ് മിച്ചം വന്ന തുകയാണ് 53. 54 ലക്ഷം.

കാരുണ്യ പ്രവർത്തനങ്ങൾക്ക് തുണച്ച എല്ലാവരോടും കടപ്പാടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി.കെ.ഷരീഫുദ്ദീൻ, ജനറൽ കൺവീനർ ബക്കർ കളർ ബലൂൺ, പബ്ലിസിറ്റി ചെയർമാൻ എ.സി.നിസാർ ബാബു, കൺവീനർ മുഹമ്മദ് കക്കാട്, ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.പി.അബൂബക്കർ, ഓൺലൈൻ മീഡിയ കൺവീനർ എൻ.ശശികുമാർ,നസീബ് ഉള്ളാട്ടിൽ എന്നിവർ സംബന്ധിച്ചു.