വടകര: ഓർക്കാട്ടേരിയിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം- ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ. മുട്ടുങ്ങൽ - നാദാപുരം സംസ്ഥാന പാത വികസനത്തോടെ ടൗണിൽ മിക്ക കടകളും പുതുക്കി പണിയുകയും ചിലത് പണി പുരോഗമിക്കുകയുമാണ്. ഇതിനിടയിൽ വൈക്കിലശ്ശേരി റോഡിനു സമീപത്തെ മലബാർ ട്രാവൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന കെട്ടിടം ഒരു നിലയിൽ നിന്നും രണ്ടു നിലയായി പണിയുന്നത് വിവാദമായിരുന്നു. കഴിഞ്ഞ ഏറാമല പഞ്ചായത്ത് ഭരണസമിതി സ്റ്റോപ്പ് മെമ്മോ നല്കി നിർമ്മാണം വിലക്കിയിരുന്നു. തുടർന്ന് കെട്ടിട ഉടമ കോടതിയിൽ നിന്നും അനുകൂല വിധി നേടിയതോടെ പഞ്ചായത്തിന്റെ വിലക്ക് മാറിയെന്നുള്ള നിലയിൽ കെട്ടിടത്തിന്റെ നിർമ്മാണം തുടരുകയായിരുന്നു. ഇതറിഞ്ഞ് സി.പി.എം പ്രവർത്തകർ എത്തി പ്രവർത്തി നിർത്തിവെക്കാൻ ആവശ്യപ്പെട്ടതോടെ വാക്ക്വാദവും കല്ലേറും നടന്നു. എടച്ചേരി പൊലീസ് എത്തി ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് സംഘർത്തിന് അയവ് വന്നത്. എങ്കിലും നിർമ്മാണം നടത്തുമെന്നും അതിന് അനുവദിക്കില്ലെന്നും ഇരുപക്ഷത്തിന്റെയും വെല്ലുവിളി നിലനില്ക്കുകയാണ്.