
കോഴിക്കോട്: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തിയ വാഹന പണിമുടക്ക് ജില്ലയിൽ പൂർണം. പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു. ഓട്ടോറിക്ഷകൾ, സ്വകാര്യ ബസുകൾ എന്നിവ പണിമുടക്കിൽ അണിചേർന്നു. ചുരുക്കം ചില കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി. സ്വകാര്യവാഹനങ്ങൾ ഓടി. രാവിലെ ആറു മണിമുതൽ വൈകീട്ട് ആറു വരെ ആയിരുന്നു പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പാചകവാതക വിലവർദ്ധനയിൽ ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് അസോസിയേഷനും പ്രതിഷേധിച്ചതിനാൽ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞുകിടന്നു. ചരക്കു ലോറികൾ എത്താത്തതിനാൽ കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിലെ മൊത്ത വിപണി അടഞ്ഞുകിടന്നു. പണിമുടക്കിയവർ മുതലക്കുളത്തെ ആദായ നികുതി ഓഫീസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.പി സുലൈമാൻ ഉദ്ഘാടനം ചെയ്തു. ബസ് ഓണേഴ്സ് അസോസിയേഷൻ ചെയർമാൻ കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബിജു ആന്റണി, പി.കെ നാസർ, ഷാജി തുടങ്ങിയവർ പങ്കെടുത്തു. കൺവീനർ സി. മമ്മു സ്വാഗതം പറഞ്ഞു.
കുടുങ്ങിയത് സ്വന്തമായി വാഹനമില്ലാത്തവർ
12 മണിക്കൂർ വാഹന പണിമുടക്കിൽ കുടുങ്ങിയത് സ്വന്തമായി വാഹനമില്ലാത്തവർ. പൊരിവെയിലിൽ മണിക്കൂറുകളോളം നിന്നാണ് പോകാനായത്. സ്വകാര്യവാഹനങ്ങൾ നിരത്തുകളിൽ സജീവമായിരുന്നു. നഗരത്തിലെത്തിയ ട്രെയിൻ യാത്രക്കാരും വാഹനങ്ങളില്ലാതെ വലഞ്ഞു. റെയിൽവേ പരീക്ഷ മാറ്റമില്ലാതെ നടന്നതിനാൽ സമയത്ത് എത്താനാകാതെ ഉദ്യോഗാർത്ഥികളും ബുദ്ധിമുട്ടി.
'ഇതൊരു സൂചന മാത്രമാണ്. ഇന്ധനവില കുറച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച് വീണ്ടും പണിമുടക്കുകളും പ്രതിഷേധങ്ങളുമായി സജീവമാകും" - കെ.രാധാകൃഷ്ണൻ, ചെയർമാൻ, ബസ് ഓണേഴ്സ് അസോസിയേഷൻ