സുൽത്താൻ ബത്തേരി: കോൺഗ്രസിൽ നിന്ന് പ്രമുഖ നേതാക്കൾ രാജിവെച്ച് പാർട്ടി വിട്ടതോടെ പ്രതിസന്ധിയിലായ ജില്ലയിലെ കോൺഗ്രസ് നേതൃത്വം രാജിവെച്ചവരെ തിരികെ കൊണ്ടുവരാനും, കൂടുതൽ രാജി ഒഴിവാക്കുന്നതിനും രംഗത്തിറങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജനസ്വാധീനമുള്ള തലമുതിർന്ന നേതാക്കൾ പാർട്ടി വിട്ടുപോകുന്നത് ജില്ലയിലെ കോൺഗ്രസിന്റെ പരാജയത്തിന് കാരണമാകുമെന്ന് കണ്ടതോടെയാണ് വാഗ്ദാനങ്ങൾ നൽകിയും സാന്ത്വനിപ്പിച്ചും നേതാക്കളെ പാർട്ടിയിൽ തന്നെ പിടിച്ചു നിർത്താൻ ശ്രമം തുടങ്ങിയത്.
കഴിഞ്ഞ ദിവസം രാജിവെച്ച നേതാക്കളോടൊപ്പം നിരവധി പ്രവർത്തകരും പാർട്ടിയിൽനിന്ന് കൊഴിഞ്ഞ് പോകുമെന്ന് കണ്ടതോടെയാണ് എങ്ങനെയെങ്കിലും ഇവരെ തിരികെ കൊണ്ടുവരാൻ ശ്രമം നടത്തുന്നത്.
രാജിവെച്ച നേതാക്കൾക്ക് പുറമെ കൂടുതൽ പേർ പോകാൻ തയ്യാറായി നിൽക്കുകയും മറ്റ് പാർട്ടികളുമായി രഹസ്യ ചർച്ച നടത്തുകയും ചെയ്ത സാഹചര്യത്തിൽ ഇനിയും പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിൽ കൈവിട്ടുപോകുമെന്ന് നേതൃനിരയ്ക്ക് ബോധ്യമായിട്ടുണ്ട്.
രാജിവെച്ചവർ പാർട്ടിയിൽ നിന്ന് പുറത്ത് വന്നതോടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളും തുടങ്ങി. തിരഞ്ഞെടുപ്പ് സമയത്ത് നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങൾ പാർട്ടിക്ക് ക്ഷീണമാകും.
കോൺഗ്രസിന്റെ ചില പോഷക സംഘടന ഭാരവാഹികളും നേതൃത്വത്തിനെതിരെ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സംഷാദ് മരക്കാരെ ആ സ്ഥാനത്തേക്ക് മൽസരിപ്പിക്കാതിരിക്കാൻ ജില്ലാ നേതൃത്വത്തിൽ നിന്ന് സമ്മർദ്ദമുണ്ടായതായി ആരോപണമുയർന്നു.
പാർട്ടിയിലെ പ്രശ്നങ്ങൾ എത്രയും പെട്ടന്ന് പരിഹരിച്ച് തിരഞ്ഞെടുപ്പിന് സജ്ജമാകാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡി.സി.സി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി.