logo

കോഴിക്കോട്: മുസ്ലിം ലീഗ് ഇത്തവണ കോഴിക്കോട് ജില്ലയിൽ പോരിനിറങ്ങുന്നത് വിജയം മാത്രം മുന്നിൽ കണ്ട്. മത്സരിക്കന്ന മണ്ഡലങ്ങളൊക്കെയും പിടിക്കാനുള്ള തന്ത്രങ്ങളുമായാണ് പടപ്പുറപ്പാട്. മലപ്പുറത്ത് ഒതുങ്ങുന്ന പാർട്ടിയെന്ന 'പേരുദോഷം" ഈ തിരഞ്ഞെടുപ്പിലൂടെ നീക്കിക്കളയണമെന്നതു തന്നെ ലക്ഷ്യം. അതിന് ഇവിടെ വൻകുതിപ്പ് ഉറപ്പാക്കാതെ വയ്യ.

ജമാഅത്തെ ഇസ്ലാമി ബാന്ധവമുൾപ്പെടെയുള്ള വിവാദങ്ങൾ കോഴിക്കോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിന് തിരിച്ചടിയായിരുന്നു. എൽ.ഡി.എഫും ബി.ജെ.പിയും ഒരുപോലെ ഇത് നിയമസഭ തിരഞ്ഞെടുപ്പിലും ആയുധമായി പ്രയോഗിക്കുമെന്ന ബോദ്ധ്യവുമുണ്ട് ലീഗ് നേതൃത്വത്തിന്. കൊടുവള്ളി ഒഴികെയുള്ള മണ്ഡലങ്ങളിൽ ലൗ ജിഹാദ്, ഹലാൽ വിഷയങ്ങൾ തിരിച്ചടിയാകാനിടയുണ്ടെന്നതും തിരിച്ചറിയുന്നുണ്ട്. എന്നാൽ, ഈ വിവാദങ്ങളെയൊക്കെ പ്രതിരോധിക്കുന്നതിനൊപ്പം കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ആക്രമണത്തിന് മൂർച്ച കൂട്ടുകയെന്ന അടവായിരിക്കും പയറ്റുക.

യു.ഡി.എഫിന് ജില്ലയിൽ ഇപ്പോൾ ആകെയുള്ള കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങൾ ലീഗിന്റെ അക്കൗണ്ടിലാണ്. ഈ രണ്ട് സീറ്റും നില നിറുത്തുന്നതിനു പുറമെ പാർട്ടി കോട്ടയായിരുന്ന കൊടുവള്ളിയും യു.ഡി.എഫിന് മുൻതൂക്കമുള്ള തിരുവമ്പാടിയും തിരിച്ചു പിടിക്കുകയെന്ന ദൗത്യം കൂടിയുണ്ട് ജില്ലാ നേതൃത്വത്തിന്. രണ്ട് തവണയായി നഷ്ടപ്പെടുന്ന കുന്ദമംഗലത്തും ഉറപ്പാക്കണം വിജയം.

എൽ.ജെ.ഡി, കേരള കോൺഗ്രസ് (എം) പാർട്ടികൾ മുന്നണി വിട്ടതോടെ ജില്ലയിൽ ഒഴിവ് വരുന്ന പേരാമ്പ്ര, വടകര, എലത്തൂർ എന്നീ സിറ്റുകളിൽ ഒന്ന് ലീഗിനായിരിക്കും. എന്നാൽ, ഈ മൂന്നിനോടും ലീഗിന് അത്ര കമ്പമൊന്നുമില്ല. താത്പര്യം ഏറെയും പതിവായി കോൺഗ്രസ് മത്സരിക്കുന്ന ബേപ്പൂരിനോടാണ്. തങ്ങളുടെ കോട്ടയായി സി.പി.എം കാണുന്ന ഈ മണ്ഡലം പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് ലീഗ് നേതൃത്വം.

സി.പി.എമ്മിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത പാറക്കൽ അബ്ദുള്ള തന്നെയാകും ഇത്തവണയും കുറ്റ്യാടിയിലെ ലീഗ് സ്ഥാനാർത്ഥി. എന്നാൽ, കഴിഞ്ഞ തവണ നേരിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം എന്ത് വില കൊടുത്തും തിരിച്ചു പിടിക്കാൻ സി.പി.എം ഇറങ്ങുമ്പോൾ മണ്ഡലം നിലനിറുത്തുക വെല്ലുവിളിയാണെന്നത് കാണാതിരിക്കുന്നുമില്ല. ആർ.എം.പി.ഐ യുടെ നിലപാട് ഇവിടെയും നിർണായകമാണ്.

പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീറിന് കോഴിക്കോട് സൗത്തിൽ നിന്നു മാറണമെന്നുമുണ്ട്. അദ്ദേഹത്തിന് താത്പര്യം കൊടുവള്ളിയോടാണെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് കോട്ടകളിലേക്ക് ഇരച്ചുകയറി എൽ.ഡി.എഫിന് മികച്ച വിജയം നേടാനായെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ പ്രകടമായ മുൻതൂക്കം ഈ തിരഞ്ഞെടുപ്പിലും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.

പൊന്നാപുരം കോട്ടയായ കൊടുവള്ളിയിൽ വിമതനായി രംഗത്തിറങ്ങിയ കാരാട്ട് റസാഖിനെ മത്സരിപ്പിച്ച് എൽ.ഡി.എഫ് കഴിഞ്ഞ തവണ നേടിയ അട്ടിമറി വിജയം ലീഗിന് വൻ ആഘാതം തന്നെയായിരുന്നു. ഇത്തവണ സ്ഥാനാർത്ഥി നിർണത്തിൽ ജാഗ്രത പുലർത്തിയാൽ കൊടുവള്ളി തിരിച്ചുപിടിക്കാനാകുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

സി.എം.പി നേതാവ് സി.പി.ജോണിന് സുരക്ഷിത മണ്ഡലം എന്ന നിലയിൽ തിരുവമ്പാടിയ്ക്കായി കോൺഗ്രസിന്റെ സമ്മർദ്ദം മുറുകുന്നുണ്ടെങ്കിൽ പോലും ഈ മണ്ഡലം അങ്ങനെയങ്ങ് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് ലീഗ്. മണ്ഡലം തിരിച്ചുപിടിക്കാനുള്ള യജ്ഞത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇതിനിടെ പാർട്ടി ഉന്നത നേതാക്കൾ ക്രിസ്ത്യൻ സഭാ സാരഥികളെ കണ്ട് ചർച്ച നടത്തിയത്.

കഴിഞ്ഞ തവണ കുന്ദമംഗലത്തിന് പകരം ബാലുശ്ശേരി സീറ്റ് ഏറ്രെടുത്തുള്ള പരീക്ഷണം ആവർത്തിക്കാൻ ഇത്തവണ ലീഗ് മുതിരില്ല. നേരത്തെ വിജയം കൊയ്ത കുന്ദമംഗലത്ത് ഇത്തവണ അതിന് സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.