
കോഴിക്കോട്: കോഴിക്കോട് സൗത്തിലെ സിറ്റിംഗ് എം.എൽ.എ എം.കെ മുനീർ മണ്ഡലം ഉപേക്ഷിക്കുകയാണെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടെ എതിരാളി ഇത്തവണയും ഐ.എൻ.എൽ തന്നെയെന്ന് ഏതാണ്ട് ഉറപ്പായി. മണ്ഡലം സി.പി.എം ഏറ്റെടുക്കുകയാണെന്നും കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദായിരിക്കും സ്ഥാനാർത്ഥിയെന്നുമുള്ള ചർച്ച സജീവമായതാണ് മുനീറിനെ മണ്ഡലം മാറ്റത്തിന് പ്രേരിപ്പിച്ചത്. എന്നാൽ തുടർഭരണം ലക്ഷ്യമാക്കി ഓരോ ചുവടും കരുതലോടെ വയ്ക്കുന്ന ഇടത് മുന്നണി ഘടക കക്ഷികളെ പിണക്കേണ്ടെന്ന നിലപാടിലാണ്.
കോഴിക്കോട് സൗത്ത് ഐ.എൻ.എല്ലിന് ലഭിച്ചാൽ എൻ.കെ അബ്ദുൾ അസീസ് മത്സരിക്കാനാണ് സാദ്ധ്യത . ചാനൽ ചർച്ചകളിൽ ഇടതുമുന്നണിയുടെ ശക്തമായ വക്താവായ അബ്ദുൾ അസീസ് സി.പി.എം അണികളിലും സ്വീകാര്യനാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 9370 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണിക്ക് കോഴിക്കോട് സൗത്തിൽ ലഭിച്ചിരുന്നു. മുനീറിന്റെ മനംമാറ്റത്തിന് ഇതും ഘടകമായിട്ടുണ്ട്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും യു. ഡി.എഫിന് വൻ ഭൂരിപക്ഷം ലഭിച്ച കൊടുവള്ളിയാണ് മുനീർ നോട്ടമിട്ടിരിക്കുന്നത്. ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ യു.ഡി.എഫ് തകർന്നടിഞ്ഞപ്പോഴും കൊടുവള്ളിയിൽ 7931 വോട്ടിന്റെ ഭൂരിപക്ഷമാണ് വോട്ടർമാർ യു.ഡി.എഫിന് നൽകിയത്. എന്നാൽ കൊടുവള്ളിയിലെ പ്രാദേശിക ലീഗ് നേതൃത്വം മുനീർ വരുന്നതിൽ അസംതൃപ്തരാണ്. ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ടെന്ന നിലപാടിലാണവർ. പഴയതുപോലെ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കൽ നടക്കില്ലെന്ന് അറിയുന്ന ലീഗ് സംസ്ഥാന നേതൃത്വം അനുനയത്തിലൂടെ പ്രശ്ന പരിഹാരമാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക നേതൃത്വം നിർദ്ദേശിച്ചിരിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെ കോഴിക്കോട് സൗത്തിലും മുനീറിനെ കൊടുവള്ളിയിലും എന്ന ഫോർമുല ലീഗ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ പ്രാദേശിക നേതൃത്വം ഇതിന് തയ്യാറായില്ലെങ്കിൽ മുനീറിന് കോഴിക്കോട് സൗത്തിൽ തന്നെ മത്സരിക്കേണ്ടി വരും.