കോഴിക്കോട്: കൈയക്ഷരത്തിലെ കസർത്തിലൂടെ ഇഷാനി കൈപ്പിടിയിലാക്കിയത് ദേശീയ അംഗീകാരം. ഒരേ വാചകം 40 വ്യത്യസ്ത സ്റ്റൈലിൽ എഴുതി ആദ്യശ്രമത്തിൽ തന്നെ ഈ പതിനെട്ടുകാരി ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ്.
കോട്ടൂളിയിലെ അപ്പോളോ എമറാൾഡ്സ് അപ്പാർട്ട്മെന്റിൽ കേലാട്ട് മധുജിത്ത് - ബിധുല ദമ്പതികളുടെ മകളാണ് ഈ മിടുക്കി. വയനാട് പുല്പള്ളി പഴശ്ശിരാജ കോളേജിൽ അഗ്രികൾചറൽ സയൻസ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണിപ്പോൾ. പഠനം കഴിഞ്ഞ് വിദേശത്ത് ജോലി തേടാനാണ് ആഗ്രഹം.
നന്നെ ചെറുപ്പത്തിൽ തന്നെ വടിവൊത്ത രീതിയിൽ എഴുതി ശീലിക്കുകയായിരുന്നു ഇഷാനി. വലിയ ക്ലാസിലെത്തിയപ്പോഴേക്കും എഴുത്തു സ്റ്റൈൽ പല തരത്തിലും പരീക്ഷിച്ചു. 30 വ്യത്യസ്ത രീതികളിൽ എഴുതി റെക്കോർഡ് സ്വന്തമാക്കിയ പാലക്കാട്ടുകാരിയെ കുറിച്ചുള്ള വാർത്ത ഇതിനിടെ സ്വകാര്യ ന്യൂസ് ചാനലിൽ കണ്ടപ്പോൾ ആ വഴിയ്ക്ക് ഒരു കൈ നോക്കിയാലോ എന്ന ചിന്തയായി. പിന്നെ, അമാന്തിച്ചില്ല. വ്യത്യസ്ത രീതിയിൽ ഒരേ വാചകം എൺപതോളം രീതിയിൽ എഴുതിയത് ഫോട്ടോ എടുത്ത് ഹരിയാനയിലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിസിലേക്ക് അയച്ചു. തെളിവിനായി എഴുതുന്ന വീഡിയോ വേണമെന്നായി അവിടെ നിന്നുള്ള പ്രതികരണം. അങ്ങനെ അനിയൻ യാഷിനെ വീഡിയോയുടെ ചുമതലക്കാരനാക്കി. 40 സ്റ്റൈലിൽ എഴുതുന്നത് വീഡിയോയിൽ പകർത്തി ഫെബ്രുവരി 13 നു വീണ്ടും അയച്ചുകൊടുത്തു. വൈകാതെ അഭിനന്ദനവുമായി ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡ്‌സിൽ നിന്ന് ഇ മെയിൽ സന്ദേശം എത്തി. 28 ന് മെഡലും സർട്ടിഫിക്കറ്റും കൈയിൽ വന്നപ്പോൾ നിറഞ്ഞ അടക്കാനാവാത്ത ആഹ്ളാദം; അഭിമാനം.
ആദ്യശ്രമത്തിൽ തന്നെ ഇഷാനി ലക്ഷ്യം കണ്ടതിന്റെ സന്തോഷത്തിലാണ് അച്ഛനമ്മമാരും അനുജൻ യാഷും.