readf

കോഴിക്കോട്: കാഴ്ചാ പരിമിതിയുള്ള കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരള ശബ്ദപാഠങ്ങൾ തയ്യാറാക്കുന്നു. നടക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ രണ്ടു ദിവസമായി നടന്ന ശിൽപ്പശാലയിൽ ശബ്ദപാഠങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. അടുത്ത അദ്ധ്യയനവർഷം മുതൽ ശബ്ദപാഠങ്ങൾ ലഭ്യമാക്കാനാണ് എസ്.എസ്.കെ ഉദ്ദേശിക്കുന്നതെന്ന് സ്റ്റേ​റ്റ് പ്രോഗ്രാം ഓഫീസർ എസ്.വൈ ഷൂജ പറഞ്ഞു. ഓരോ ജില്ലയിലെയും ഇൻക്ലൂസീവ് എജ്യുക്കേഷന്റെ ചുമതലയുള്ള പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിലാണ് തുടർ പരിപാടികൾ സംഘടിപ്പിക്കുക. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്‌പെഷ്യൽ എജ്യുക്കേ​റ്റർമാർക്കും ശബ്ദപാഠ നിർമാണത്തിൽ പരിശീലനം നൽകും. ശബ്ദപാഠങ്ങൾ സമഗ്രശിക്ഷാ സൈ​റ്റ് വഴിയാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുക. സ്വാഭാവികമായ അന്തരീക്ഷത്തിൽ പാഠങ്ങളുടെ വൈകാരികത ചോരാതെയാണ് ശബ്ദ പാഠങ്ങൾ തയ്യാറാക്കുകയെന്നും കാഴ്ചപരിമിതിയുള്ള കുട്ടികളെ സവിശേഷമായി പരിഗണിക്കുന്ന പദ്ധതി മ​റ്റ് ഭിന്നശേഷി കുട്ടികൾക്കുകൂടി ഉപകാരപ്പെടുമെന്നും എസ്.എസ്. കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേ​റ്റർ ഡോ.എ.കെ അബ്ദുൾഹക്കീം പറഞ്ഞു. ഭിന്നശേഷി മേഖലയിലെ വിദ്യാഭ്യാസ വിദഗ്ധനായ ജി. രവി ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. ഡോ. അനിൽകുമാർ എ.കെ, അനൂപ് കുമാർ എം എന്നിവർ ക്ലാസെടുത്തു. സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്. വൈ ഷൂജ ഉദ്ഘാടനം ചെയ്തു. നടക്കാവ് ഹൈസ്‌ക്കൂൾ പ്രധാനാദ്ധ്യാപകൻ കെ ജയകൃഷ്ണൻ. മുഖ്യാതിഥിയായി.