കോഴിക്കോട്: തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികളുടെ ഭാഗമായി ആരംഭിച്ച വോട്ട് വണ്ടി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രയാണം ആരംഭിച്ചു. കളക്ടർ സാംബശിവറാവു ഫ്ളാഗ് ഓഫ് ചെയ്തു. വി.വി. പാറ്റ്, വോട്ടിംഗ് മെഷീൻ, വോട്ടു ചെയ്യേണ്ടവിധം തുടങ്ങിയ കാര്യങ്ങൾ വോട്ടർമാരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടുവണ്ടി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത്. പൊതുജനങ്ങൾക്ക് വണ്ടിയിൽ കയറി മോഡൽ പോളിംഗ് ചെയ്യാനുള്ള സൗകര്യമുണ്ട്. സംശയമുള്ളവരെ സഹായിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വണ്ടിയിലുണ്ടാകും. പുതുവോട്ടർമാർക്കും മറ്റുള്ളവർക്കും അവസരം വിനിയോഗിക്കാം. ഒരു താലൂക്കിൽ രണ്ട് ദിവസമാണ് വോട്ട് വണ്ടി ഉണ്ടാവുക. പൊതുജന പങ്കാളിത്തം കൂടുന്ന പക്ഷം കൂടുതൽ ദിവസം വോട്ടു വണ്ടി സഞ്ചരിക്കും. സ്വീപ് (സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ)സെല്ലിന്റെ നേതൃത്വത്തിലാണ് വോട്ട് വണ്ടി സഞ്ചരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഓരോ സ്ഥലങ്ങളിലും വോട്ട് വണ്ടി എത്തുക. ഒരു സമയം ഒരാൾക്ക് കയറി വോട്ടിംഗ് മെഷീൻ പരിചയപ്പെടാം. എ. ഡി. എം. എൻ. പ്രേമചന്ദ്രൻ, അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ സുരേഷ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, സ്വീപ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ബാബു ചാണ്ടുള്ളി എന്നിവരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.