1
അബ്ദുള്ള

കൊടിയത്തൂർ: 87-ാം വയസിലും വീട് കയറി ആക്രിസാധനങ്ങൾ വിലയ്ക്കെടുത്തും ഫലിതങ്ങളിലൂടെ നാട്ടുകാരെ ചിരിപ്പിച്ചും നടന്നുപോയ ഉമ്മണിയിൽ അബ്ദുള്ള ഇനി ഓർമ. രാവിലെ ആറുമണിയോടെ അബ്ദുള്ള വീട്ടിൽ നിന്നിറങ്ങും. കൊടിയത്തൂർ, കീഴൂർപറമ്പ് കാരശ്ശേരി പഞ്ചായത്തുകളിലൂടെ അന്തിയാവോളം സഞ്ചാരം. വീടുകളിലും കടകളിലും കയറി സാധനങ്ങൾ വിലയ്ക്കെടുത്ത് അരീക്കോടോ മുക്കത്തോ കൊണ്ടുപോയി വിറ്റായിരിക്കും മടക്കം. മക്കളെ എന്ന വിളി കേട്ടാലറിയാം അബ്ദുള്ള എത്തിയെന്ന്. കുറച്ചു നേരം കുശലം പറച്ചിൽ, ഇടയ്ക്ക് കുറിക്കുകൊള്ളുന്ന ഫലിതവും. എത്തുന്ന നാടിന്റെ മുക്കും മൂലയും നാട്ടുകാരും വീട്ടുകാരും എല്ലാം അബ്ദുള്ളയ്ക്ക് സുപരിചിതം. വിശ്രമമെന്തെന്ന് അറിയാത്ത ഈ വയോധികൻ ജീവിതം നാടുകളിൽ നിന്ന് നാടുകളിലേക്ക് "നാട്ടുകാർ"ക്കായി നടന്നുതീർക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം.