ndwsd

കുന്ദമംഗലം: ഗതാഗതക്കുരുക്ക് പരിഹരിക്കാനും നിയമലംഘനങ്ങൾ തടയാനും ലക്ഷ്യമിട്ട് കുന്ദമംഗലം ടൗണിൽ സ്ഥാപിച്ച സർവൈലൻസ് സിസ്റ്റത്തിലെ കാമറകൾ കൺതുറന്നതോടെ ഫലം പ്രകടം. കണ്ണും മൂക്കുമില്ലാതെ വാഹനമോടിക്കുന്നവർക്കും മറ്റു നിയമലംഘകർക്കും 'പണി" കിട്ടിത്തുടങ്ങി.

നിത്യേന ശരാശരി മുപ്പത് കേസുകളെങ്കിലും ഇതുവഴി ചാർജ് ചെയ്യുന്നുണ്ട് പൊലീസ്.

ഹെൽമെറ്റില്ലാതെ പായുന്ന ഇരുചക്രവാഹനക്കാരും മൂന്ന് പേർ ഇരുന്നുള്ള ബൈക്ക് യാത്രയും അമിത വേഗതക്കാരും തെറ്റായ ദിശയിൽ വണ്ടിയോടിക്കുന്നവരും അനധികൃത പാർക്കിംഗുമെല്ലാം കാമറ വ്യക്തമായ ഒപ്പിയെടുക്കുന്നുണ്ട്. ട്രാഫിക് ലംഘിച്ചവർക്ക് വണ്ടിയുടെ നമ്പർ നോക്കി പിഴയടക്കാൻ നോട്ടീസ് അയക്കുകയാണ് ചെയ്യുന്നതെന്ന് സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദ് പറഞ്ഞു. പലരും നോട്ടീസ് കൈപ്പറ്റുമ്പോഴാണ് ലംഘനത്തിന്റെ ചൂടറിയുന്നത്. ഈ രീതി തുടരുന്നതോടെ ട്രാഫിക് ലംഘനം ഗണ്യമായി കുറയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പി.ടി.എ റഹീം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 64 ലക്ഷം രൂപ വിനിയോഗിച്ചാണ് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ 24 കാമറകൾ കുന്ദമംഗലം പൊലീസ് സ്ഥാപിച്ചത്. ദേശീയപാതയിൽ കാരന്തൂർ മുതൽ സിന്ധു തീയേറ്റർ വരെയും മുക്കം റോഡിൽ എം.എൽ.എ ഓഫീസ് പരിസരം വരെയുമുണ്ട് സദാസമയവും കൺതുറന്ന് കാമറകൾ. സൂം ചെയ്യാൻ ശേഷിയുള്ള, എ.എൻ.പി.ആർ സംവിധാനത്തോടു കൂടിയ കാമറകളാണ് ഇവ. വെളിച്ചമില്ലാത്ത സമയത്തും ദൃശ്യങ്ങൾ വളരെ കൃത്യതയോടെ പകർത്താൻ ഇവയ്ക്ക് സാധിക്കും.