news
വട്ടോളി കനാലിൽ കുന്നുമ്മൽ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ നിലയിൽ

കുറ്റ്യാടി: വട്ടോളി കനാലിൽ വെള്ളം തുറന്നുവിട്ടപ്പോൾ കുത്തിയൊഴുകുന്നത് മാലിന്യക്കൂമ്പാരം. വെള്ളം ഉപയോഗിക്കാനാവാത്ത ഗതികേടിൽ ജനങ്ങളും.

പല തരത്തിലായുള്ള ചപ്പുചവറുകൾക്കും പുറമെ മദ്യക്കുപ്പികളുടെയും പ്ലാസ്റ്റിക് ബോട്ടിലുകളുടെയുമെല്ലാം നിലയ്ക്കാത്ത പ്രവാഹമാണിപ്പോൾ കനാലിൽ. ഈ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതു കാരണം വെളളം പാടെ മലിനമായ നിലയിലാണ്.

വേനൽ കനത്തതോടെ ഒരാഴ്ച മുമ്പാണ് വട്ടോളി കനാലിൽ വെളളം തുറന്നുവിട്ടത്. രൂക്ഷമായ വരൾച്ചയെ തുടർന്ന് കുടിവെള്ളം പോലും കിട്ടാതെ വലയുന്നവരിൽ നല്ലൊരു പങ്ക് ജനങ്ങളും ആശ്രയിക്കുക ഈ കനാലിലെ വെളളമാണ്. പക്ഷേ, ഇപ്പോൾ ഒരു തരത്തിലും ഇത് ഉപയോഗിക്കാനാവില്ലെന്നിരിക്കെ വീട്ടമ്മമാരടക്കം വെള്ളത്തിനായി നെട്ടോട്ടത്തിലാണ്.
കണ്ടാൽ അറപ്പ് തോന്നുന്ന, ദുർഗന്ധമുളള മാലിന്യങ്ങളാണ് കനാലിലുടെ ഒഴുകുന്നത്. ഇവയ്ക്കിടയിലാണ് മദ്യത്തിെന്റയും വെളളത്തിെന്റയും കുപ്പികളും.
വെളളം തുറന്നു വിടുന്നതിന് മുമ്പായി കനാലിൽ ശുചീകരണം നടത്തിയിരുന്നെങ്കിലും എല്ലായിടത്തും അത് നടപ്പായില്ലെന്നു മാത്രം. കുന്നുമ്മൽ ഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുതലും തങ്ങിനിൽക്കുന്നത്. കനാലിന്റെ ചില ഭാഗങ്ങൾ വൃത്തിയാക്കാൻ അധികൃതർ ഇതുവരെ തയ്യാറായില്ലെന്ന ആക്ഷേപമാണ് നാട്ടുകാർക്ക്.