
വടകര: സർക്കാർ ഭാഗ്യക്കുറിയുടെ താളം തെറ്റിക്കുന്ന തരത്തിലേക്ക് എഴുത്ത് ലോട്ടറി പടർന്നു കയറുന്നു. മൂന്നക്ക നമ്പർ എഴുതിയുള്ള ഈ ചൂതാട്ടം നഗരങ്ങളിലെന്നല്ല, ഗ്രാമപ്രദേശങ്ങളിലും വ്യാപകമായി കഴിഞ്ഞു. ഇതിൽ കമ്പം മൂത്ത് കടം വാങ്ങി പോലും കാശ് കളയുന്നവരുടെ എണ്ണം കുറച്ചൊന്നുമല്ല.
കേരള ലോട്ടറിയുടെ ചുവട് പിടിച്ചാണ് എഴുത്ത് ചൂതാട്ടം കൂടുതലും. മറ്റു സംസ്ഥാനക്കാരുടെ ലോട്ടറികൾക്ക് സമാന്തരമായും ചിലയിടങ്ങളിൽ ഇത് വേരുകളാഴ്ത്തുകയാണ്. സർക്കാർ ലോട്ടറി ടിക്കറ്റ് വില്പനയ്ക്ക് തുരങ്കം വെക്കുന്നതിനൊപ്പം വില്പനക്കാരുടെ വയറ്റത്തടിക്കുന്ന നിലയിലേക്കും എഴുത്തു ലോട്ടറി ചൂതാട്ടം മാറുകയാണിപ്പോൾ.
മൂന്നക്ക നമ്പർ എഴുതിയുള്ള ഭാഗ്യപരീക്ഷണത്തിന് നിരക്ക് 10 രൂപയാണ്. സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്റെ അവസാന അക്കങ്ങളുമായി ഈ മൂന്നക്കം ഒത്തു വന്നാൽ സമ്മാനം 5000 രൂപ. രണ്ടും, മൂന്നും സമ്മാനങ്ങളുടെ ടിക്കറ്റ് നമ്പറിനോട് ഒത്തുവന്നാൽ ആശ്വാസസമ്മാനവുമുണ്ട്. സർക്കാർ ലോട്ടറി ടിക്കറ്റിന് 40 രൂപയുള്ളപ്പോൾ ഇവിടെ പത്ത് രൂപയ്ക്ക് ഭാഗ്യപരീക്ഷണമാവാം. പത്ത് രൂപയുടെ എത്ര ഗുണിതങ്ങളുമാവാമെന്ന മെച്ചവുമുണ്ട്. ഒരേ മൂന്നക്ക നമ്പറിന് ഇരുനൂറ് രൂപ കൈമാറുന്നുവെന്നിരിക്കട്ടെ. ഒന്നാം സമ്മാനത്തിന്റേതുമായി ഒത്തുവന്നാൽ ഒരു ലക്ഷം കിട്ടും. ആയിരങ്ങൾ കൊടുത്ത് വിവിധ നമ്പറുകളിൽ ഭാഗ്യം പരീക്ഷിക്കുന്നവരുമുണ്ട് ഏറെ.
കളി അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ടാണെങ്കിൽ ഒരു ദിവസം മൂന്നു നേരം വരെയുണ്ട് ഭാഗ്യപരീക്ഷണം. രാവിലെ 11.55, വൈകിട്ട് 4, രാത്രി 8 എന്നീ സമയങ്ങളിലാണ് ഫലം അറിയുക. നാഗാലാൻഡ് സ്റ്റേറ്റ് ലോട്ടറി കൂടാതെ ഡിയർ എന്നിങ്ങനെ പലതിലുമുണ്ട് എഴുത്ത് ലോട്ടറിയ്ക്ക് വേരുകൾ. ഇവയുടെ സമ്മാന ഘടനയിൽ പക്ഷേ മാറ്റമുണ്ടാവും. ഇതര സംസ്ഥാന ലോട്ടറി ടിക്കറ്റുകളാവുമ്പോൾ 6 രൂപയാണ് നിരക്ക്. അതിമോഹത്തിൽ എഴുത്ത് ലോട്ടറിയുടെ കുരുക്കിൽ പെട്ട് സാധാരണക്കാർ തീർത്തും പാപ്പരായി പോവുകയാണ്. കൗതുകത്തിനെന്നോണം പത്ത് രൂപയിലായിരിക്കും തുടക്കം. പിന്നീട് ലോട്ടറി ആശാന്മാരാവുകയാണ് മിക്കവരും. ദിവസവും ആയിരങ്ങളുടെ കളി എഴുതുന്നവരുണ്ട്. ചിലപ്പോൾ നമ്പരുകൾ ഒത്തുവരുന്നതോടെ, പിന്നെ ഉള്ള തൊഴിലും ഒഴിവാക്കി ലോട്ടറി ഫലമറിയാനുള്ള കാത്തിരിപ്പാവും പണി.
 സ്ഥലം വേണ്ട; സ്ഥാപനവും
പ്രത്യേകം സ്ഥലമോ സ്ഥാപനമോ ഇല്ലാതെ തന്നെ എഴുത്തു ലോട്ടറി കച്ചവടം നടത്താം. പിടിക്കപ്പെട്ടാൽ തന്നെ വലിയ ശിക്ഷയില്ലെന്നതും എഴുത്ത് ചൂതിന് അനുകൂല സാഹചര്യം ഒരുക്കുകയാണ്.
ലോട്ടറി ടിക്കറ്റ് നടന്നു വിൽക്കുന്നവരിൽ ചിലരുമുണ്ട് എഴുത്തു ലോട്ടറിയുടെ ദല്ലാളന്മാരായി. ഭാഗ്യം തിരയുന്നവരിൽ ഉദ്യോഗസ്ഥപ്രമുഖർ പോലും ഉൾപ്പെടും.