കോഴിക്കോട്: കടലാസിന്റെ ക്ഷാമവും വിലവർദ്ധനവും അച്ചടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട അച്ചടി ജോലികൾ കേരളത്തിലെ പ്രസുകൾക്ക് നൽകണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിദേശ നിർമ്മിത ആർട്ട് പേപ്പറിന് കടുത്ത ക്ഷാമവും വില വർദ്ധനവുമാണ്. മൂന്നു മാസത്തിനിടെ കിലോയ്ക്ക് 90 രൂപയായി വർദ്ധിച്ചു. മഷി, കെമിക്കൽസ് മുതലായ അച്ചടി അനുബന്ധ സാമഗ്രികൾക്കും വില ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.
ലോക്ക് ഡൗണിന് ശേഷം പൊതുപരിപാടികളും ഉത്സവാഘോഷങ്ങളും പുനരാരംഭിക്കാത്തതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതും കാരണം അച്ചടി ജോലികൾ കുറവാണ്. പല സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ അച്ചടി ജോലികൾ ഭൂരിഭാഗവും കേരളത്തിൽ തന്നെയായിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി നവീകരിച്ച് നല്ലയിനം പേപ്പർ ഉണ്ടാക്കാൻ നടപടി സ്വീകരിക്കണമെന്നും കടലാസിന്റെ വില വർദ്ധനവും ക്ഷാമവും പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഇടപടണമെന്നും കേരള പ്രിന്റഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.