
കോഴിക്കോട്:ഇടതുകോട്ടയായി അറിയപ്പെടുന്ന എലത്തൂരിൽ ഇത്തവണയും മന്ത്രി എ.കെ.ശശീന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായേക്കും. ഇന്നലെ ചേർന്ന എൻ.സി.പി ജില്ലാ നേതൃയോഗത്തിൽ ഇദ്ദേഹത്തിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നതിനു പിറകെ വാക്കേറ്റവും കശപിശയുമുണ്ടായിരുന്നു. ഒടുവിൽ തത്കാലം മാറ്റം വേണ്ടെന്ന് തീരുമാനമായി.
ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെ എതിർത്തവർ നിർദ്ദേശിച്ചത് പാർട്ടി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെയാണ്. തുടർച്ചയായി ശശീന്ദ്രൻ മത്സരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവർ വാദിച്ചു. വാക്കേറ്റം രൂക്ഷമായതോടെ പൊലീസ് ഹാളിന് പുറത്ത് നിലയുറപ്പിച്ചു. നീണ്ട ചർച്ചയ്ക്ക് ശേഷം, മന്ത്രിസ്ഥാനം ഉറപ്പാക്കാൻ മുതിർന്ന നേതാവായ ശശീന്ദ്രൻ തന്നെ മത്സരിക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
യോഗത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയല്ല നടന്നതെന്നും മത്സരിക്കുന്നവർ ആരൊക്കെയെന്ന് കേന്ദ്ര പാർലമെന്ററി ബോർഡ് പത്തിനകം പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. യോഗത്തിൽ കശപിശ ഉണ്ടായതിനെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊന്നും ഉണ്ടായില്ലെന്നായിരുന്നു പ്രതികരണം.
എ.കെ.ശശീന്ദ്രൻ, മുക്കം മുഹമ്മദ്, എം.ആലിക്കോയ തുടങ്ങിയവർ പങ്കെടുത്തു.