കോഴിക്കോട്: റോഡരികിൽ നിർത്തിയിട്ട കാറും ആംബുലൻസും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ 2.30 ഓടെ എരഞ്ഞിപ്പാലം അരിയിടത്തുപാലം റോഡിൽ സരോവരം പാർക്കിന് എതിർവശം നിർത്തിയിട്ട കാറിനും ആംബുലൻസിനുമാണ് തീപിടിച്ചത്. കക്കോടി സ്വദേശി വിദ്യയുടെ സ്വിഫ്റ്റ് ഡിസയർ കാറാണ് കത്തിയത്. ടാക്‌സിയായി ഓടുന്ന കാർ രണ്ടു മണിയോടെയാണ് ചേളന്നൂർ സ്വദേശി സുജിത്ത് ഇവിടെ പാർക്ക് ചെയ്തത്. സമീപം ചേളന്നൂർ സ്വദേശി മനോജിന്റെ ആംബുലൻസും നിർത്തിയിട്ടിരുന്നു. അരമണിക്കൂറിനുള്ളിൽ കാറിൽ നിന്ന് ഉയർന്ന തീ സമീപത്തെ ആംബുലൻസിലേക്കും പടരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് ആംബുലൻസുകളിലെ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും
ബീച്ചിൽ നിന്നുള്ള അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റും എത്തിയാണ് തീയണച്ചത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറിന്റെ ചില്ല് തകർത്തതാണെന്നും മനഃപൂർവം ആരോ ചെയ്തതാണെന്നും ആരോപണമുയർന്നതിനാൽ ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ആംബുലൻസുകളും മറ്റ് ടാക്‌സി വാഹനങ്ങളും പതിവായി നിർത്തിയിടാറുള്ള സ്ഥലമാണിത്. നടക്കാവ് എസ്. ഐ നിയാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.