poling-booth

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുങ്ങുന്നത് 3,784 പോളിംഗ് ബൂത്തുകൾ. 2,179 ബൂത്തുകളും 1,605 അധിക ബൂത്തുകളുമാണ് 13 നിയോജക മണ്ഡലങ്ങളിൽ തയ്യാറാക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കുന്നതിനാണ് അധിക ബൂത്തുകൾ ഒരുക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 1,886 ബൂത്തുകളാണുണ്ടായിരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2,174 ബൂത്തുകളും മൂന്ന് അധിക ബൂത്തുകളും സജ്ജീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചും സുഗമമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സൗകര്യമൊരുക്കിയും ഭിന്നശേഷി സൗഹൃദമാക്കിയുമാണ് ബൂത്തുകൾ സജ്ജമാക്കുന്നത്.

1000 വോട്ടർമാരായിരിക്കും പരമാവധി ഒരു ബൂത്തിലുണ്ടാവുക. ആയിരത്തിലധികം വോട്ടർമാരുള്ള ബൂത്തുകളെ രണ്ടായി വിഭജിക്കും. തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കാൻ പ്രിസൈഡിംഗ് ഓഫീസർ, മൂന്ന് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ് എന്നിവരടങ്ങുന്ന അഞ്ച് പേരെയാണ് ബൂത്തുകളിൽ വിന്യസിക്കുക. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബൂത്തുകളിൽ സാമൂഹിക അകലം കർശനമാക്കും. കൈകൾ അണുവിമുക്തമാക്കാൻ സൗകര്യം ഒരുക്കും.

വൈദ്യുതി കണക്ഷൻ ഇല്ലാത്ത ബൂത്തുകളിൽ താത്ക്കാലിക കണക്ഷനുകൾ സജ്ജമാക്കും. കുടിവെള്ളമടക്കം ഒരുക്കി സമ്മതിദായക സൗഹൃദമാക്കിയാണ് ബൂത്തുകൾ തയ്യാറാക്കുന്നത്. വരണാധികാരികളുടെ നേതൃത്വത്തിൽ ബൂത്തുകളിൽ പരിശോധന തുടങ്ങി. പോളിംഗ് ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കും.

പോളിംഗ് ബൂത്തുകൾ
1. വടകര 239 (91). 2. കുറ്റ്യാടി295 (131). 3. നാദാപുരം320 (132). 4. കൊയിലാണ്ടി 312 (142). 5. പേരാമ്പ്ര 296 (122). 6. ബാലുശ്ശേരി 337(140). 7. എലത്തൂർ 301 (141). 8. കോഴിക്കോട് നോർത്ത് 277 (124). 9. കോഴിക്കോട് സൗത്ത് 231 (93). 10. ബേപ്പൂർ 301 (137). 11. കുന്ദമംഗലം 342 (156). 12. കൊടുവള്ളി 273 (110). 13. തിരുവമ്പാടി 260 (86).

24,70,953 വോട്ടർമാർ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച ആദ്യഘട്ട വോട്ടർപട്ടികയിൽ ഇടംനേടിയത് 24,70,953 വോട്ടർമാർ. ജനുവരി 20നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിൽ നിന്നായി 12,71,920 സ്ത്രീകളും 11,98,991 പുരുഷൻമാരും 42 ട്രാൻസ്‌ജെൻഡറുകളുമാണ് ഉള്ളത്. കുന്ദമംഗലം മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ. കുറവ് കോഴിക്കോട് സൗത്തിൽ. കുന്ദമംഗലത്ത് 113901 സ്ത്രീകളും 108579 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പടെ 222481 വോട്ടർമാരുണ്ട്.

വടകര- 76946 പുരുഷന്മാർ,​ 84694 സ്ത്രീകൾ,​ ഒരു ട്രാൻസ്‌ജെൻഡർ. കുറ്റ്യാടി- 95409 പുരുഷന്മാർ,​ 100756 സ്ത്രീകൾ,​ 11 ട്രാൻസ്‌ജെൻഡർ. നാദാപുരം- 102780 പുരുഷന്മാർ 106249 സ്ത്രീകൾ അഞ്ച് ട്രാൻസ്‌ജെൻഡർ. കൊയിലാണ്ടി- 94013 പുരുഷന്മാർ,​ 104364 സ്ത്രീകൾ,​ ഒരു ട്രാൻസ്‌ജെൻഡർ. പേരാമ്പ്ര- 93577 പുരുഷന്മാർ 98950 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡർ. ബാലുശ്ശേരി- 105004 പുരുഷന്മാർ,​ 112454 സ്ത്രീകൾ,​ രണ്ട് ട്രാൻസ്‌ജെൻഡർ. എലത്തൂർ- 93922 പുരുഷന്മാർ,​ 102007 സ്ത്രീകൾ,​ നാല് ട്രാൻസ്‌ജെൻഡർ. കോഴിക്കോട് നോർത്ത് - 82748 പുരുഷന്മാർ,​ 92376 സ്ത്രീകൾ,​ അഞ്ച് ട്രാൻസ്‌ജെൻഡർ. കോഴിക്കോട് സൗത്ത്- 73578 പുരുഷന്മാർ,​ 78610 സ്ത്രീകൾ,​ രണ്ട് ട്രാൻസ്‌ജെൻഡർ. ബേപ്പൂർ- 97899 പുരുഷന്മാർ,​ 102176 സ്ത്രീകൾ,​ അഞ്ച് ട്രാൻസ്‌ജെൻഡർ. കൊടുവള്ളി- 88261 പുരുഷന്മാർ,​ 87999 സ്ത്രീകൾ. തിരുവമ്പാടി- 86275 പുരുഷന്മാർ,​ 87384 സ്ത്രീകൾ,​ മൂന്ന് ട്രാൻസ്‌ജെൻഡർ. നോമിനേഷൻ സമർപ്പിക്കുന്നതിന്റെ അവസാന തീയതിക്ക് പത്ത് ദിവസം മുമ്പ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. മാർച്ച് 19 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

എക്‌സൈസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് സജ്ജമായി

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യം,മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗവും വ്യാജമദ്യ,ലഹരി മരുന്ന് വിതരണവും തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എക്‌സൈസ് വകുപ്പിനു കീഴിൽ കൺട്രോൾ റൂമും സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾ പ്രവർത്തനം തുടങ്ങി. രാത്രികാല പട്രോളിംഗ് ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കും. കൺട്രോൾ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വൻതോതിലുള്ള സ്പിരിറ്റ്, മാഹി മദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു. വിളിക്കേണ്ട ഫോൺ നമ്പറുകൾ ഡിവിഷനൽ എക്‌സൈസ് കൺട്രോൾ റൂം 0495 2372927, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, കോഴിക്കോട് 0495 2372927, 9447178063, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ, കോഴിക്കോട് 0495 2375706, 9496002871, എക്‌സൈസ് സർക്കിൾ ഓഫീസ്, കോഴിക്കോട് 0495 2376762, 9400069677.

ഉദ്യോഗസ്ഥൾക്ക് പരിശീലനം

തിരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല പരിശീലനം കളക്ടർ സാംബശിവറാവു ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വരണാധികാരികളുടെ ജീവനക്കാർ, ഉപവരണാധികാരികൾ, അവരുടെ ജീവനക്കാർ, ജില്ലാതല മാസ്റ്റർ ട്രെയിനർമാർ എന്നിവരാണ് പങ്കെടുക്കുന്നത്. ടൗൺ ഹാളിൽ നടക്കുന്ന പരിശീലനം ഇന്നും തുടരും.

146 ഉദ്യോഗസ്ഥരും 13 മാസ്റ്റർ ട്രെയിനർമാരുമാണ് പങ്കെടുക്കുന്നത്. പെയ്ഡ് ന്യൂസ്, മീഡിയ സർട്ടിഫിക്കറ്റ് ആൻഡ് മോണിറ്ററിംഗ് സെൽ, സാമൂഹികമാദ്ധ്യമങ്ങൾ, സ്ഥാനാർത്ഥികളുടെ യോഗ്യതയും അയോഗ്യതയും, തിരഞ്ഞെടുപ്പ് ചെലവുപരിശോധിക്കൽ, വോട്ടിംഗ് മെഷീൻ, വി വി പാറ്റ്, വോട്ടെണ്ണൽ സമയത്തെ ഐ.ടി സാധ്യതകൾ, നാമനിർദ്ദേശപത്രികാ സൂഷ്മ പരിശോധന, സ്ഥാനാർത്ഥികളുടെ ചിഹ്നം പിൻവലിക്കൽ, പോസ്റ്റൽ ബാലറ്റ്, ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ, ഫലം പ്രസിദ്ധീകരിക്കൽ, സ്വീപ്പ് വോട്ടെണ്ണൽ തയ്യാറെടുപ്പുകൾ, പ്രശ്‌നബാധിത ബൂത്തുകൾ, കൊവിഡ് മാർഗനിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. എ.ഡി.എം എൻ. പ്രേമചന്ദ്രൻ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അജീഷ് കുന്നത്ത്, കോഴിക്കോട് തഹസിൽദാർ എ എം പ്രേംലാൽ, അസിസ്റ്റന്റ് നോഡൽ ഓഫീസർ സ്‌പെഷ്യൽ തഹസിൽദാർ എൽ. എ.കെ. ഷറീന തുടങ്ങിയവർ നേതൃത്വം നൽകി.