img20210304
മുഹമ്മദുകുട്ടി

മുക്കം: ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് മലപ്പുറം കീഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പ് സ്വദേശികളായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി (57), നെച്ചിക്കാട്ടിൽ ജമാലുദ്ദീൻ (51) എന്നിവവർ മരിച്ചു. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് കറുത്ത പറമ്പിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. മുക്കത്ത് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. എതിർദിശയിൽ നിന്നെത്തിയ ടിപ്പർ ലോറി സ്കൂട്ടർ ഇടിച്ചുതെറുപ്പിക്കുകയാണുണ്ടായത്. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ടിപ്പർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മുക്കം പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. റോഡിലെ രക്തം കഴുകിക്കളഞ്ഞ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

സുഹറാബിയാണ് (ചെറുവാടി) മുഹമ്മദുകുട്ടിയുടെ ഭാര്യ. മക്കൾ: മിഥുലാജ്, മിൻഹാജ്, മിക്‌താദ്.

ജമാൽ നെച്ചിക്കാടിന്റെ ഭാര്യ: റുഖിയ (മുക്കം). മക്കൾ: ഷംന, ആഷിഖ്, അജുവ. മരുമകൻ: ഷാഹുൽ (പറപ്പൂർ).