കുന്ദമംഗലം: കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും കൊവിഡ് ജാഗ്രത കുറഞ്ഞതോടെ ബസുകളിലും തിരക്ക് കൂടി. മുക്കം റോഡിലും വയനാട് റോഡിലും വൈകുന്നേരങ്ങളിൽ തിങ്ങിഞെരുങ്ങിയാണ് ആളുകൾ യാത്രചെയ്യുന്നത്. കുന്ദമംഗലത്തെ രണ്ട് ബസ് സ്റ്റാൻഡുകളിലും യാത്രക്കാർ ബസിൽ കയറുന്നതും ബസിന് കാത്തിരിക്കുന്നതും കൂട്ടമായാണ്. ജില്ലയിൽ കൊവിഡ് രോഗികൾ ഏറെയുള്ള പഞ്ചായത്തുകളിൽ ഒന്നാണ് കുന്ദമംഗലം. എന്നിട്ടും ഉത്സവങ്ങളും കല്ല്യാണ സൽക്കാരങ്ങളും ഇവിടെ പൊടിപൊടിക്കുകയാണ്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ അയവ് വന്നിട്ടില്ലെങ്കിലും ചിലരെങ്കിലും മാസ്ക് പോലും ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. ട്യൂഷൻ ക്ലാസുകളിലും ഹയർസെക്കൻഡറി സ്ക്കൂളുകളിലും വിദ്യാർത്ഥികൾ കൂട്ടമായി വരുന്നതും പോകുന്നതും നെഞ്ചിടിപ്പ് കൂട്ടുകയാണ്. പ്ലസ്ടു വിദ്യാർത്ഥികൾ മാതൃക പരീക്ഷ കഴിഞ്ഞാൽ സ്കൂളിൽ അങ്ങാടികളിലും ബസ് സ്റ്റോപ്പുകളിലും കൂട്ടമായി കറങ്ങി നടക്കുകയാണ്. വാക്സിനേഷൻ സാധാരണക്കാരിലെത്തും വരെ കർശന ജാഗ്രത പാലിച്ചേ മതിയാവൂ എന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.