darmajan

ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായി ധർമ്മജൻ ബോൾഗാട്ടി മത്സരിക്കുന്നതിനെതിരെ കെ.പി.സി.സിയ്ക്ക് പരാതി നൽകിയെന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും യു.ഡി.എഫും. പുറത്ത് പ്രചരിക്കുന്ന കാര്യം അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വി.സി.വിജയനും യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ നിസാർ ചേലേരിയും അറിയിച്ചു. യോഗത്തിൽ ചർച്ചയായത് കെ.പി.സി.സി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നതാണ്. ആരോപണം സംബന്ധിച്ച് തനിക്കറിയില്ലെന്നും കെ.പി.സി.സി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ സ്വാഗതം ചെയ്യുമെന്നും കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. രാമചന്ദ്രനും വ്യക്തമാക്കി. കെ.പി.സി.സി നിർണയിക്കുന്ന സ്ഥാനാർത്ഥി ആരായാലും അവരെ സ്വാഗതം ചെയ്യുമെന്ന് ഡി.സി.സി.സെക്രട്ടറി നിജേഷ് അരവിന്ദ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ധർമ്മജൻ ബോൾഗാട്ടിക്കാണ് സാദ്ധ്യത ഏറെയെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റിയിൽ ധർമ്മജനെതിരെ പരാതി നൽകണമെന്ന ആവശ്യം ഉണ്ടായിട്ടില്ലെന്നും യോഗത്തിൽ ചർച്ചയായത് ധർമ്മജൻ പങ്കെടുക്കുന്ന പരിപാടികൾ പാർട്ടി അറിഞ്ഞിരിക്കണമെന്ന നിർദ്ദേശമാണെന്നും ഒരു യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞു.