പുൽപ്പള്ളി: പുൽപ്പള്ളിക്കടുത്ത ചീയമ്പം 73 വനത്തിൽ കാട്ടുതീ പടർന്ന് 150 ഏക്കറോളം സ്ഥലത്ത് അടിക്കാട് കത്തി നശിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് തീ കണ്ടത്. രാവിലെ ചീയമ്പം 73 ഭാഗത്താണ് ആദ്യം തീ പടർന്നതായി കണ്ടെത്തിയത്. മണിക്കൂറുകൾക്കകം ഇത് ചുറ്റുവട്ട പ്രദേശങ്ങളിലെ അഞ്ചിടങ്ങളിലായി വ്യാപിച്ചു. ഒരിടത്ത് തീ അണയ്ക്കുമ്പോൾ മറ്റൊരിടത്ത് തീ പടർന്ന് പിടിക്കുകയായിരുന്നു.
ആസൂത്രിതമായി ആരെങ്കിലും തീയിടുകയായിരുന്നോ എന്ന സംശയമുണ്ട്. വനത്തിന്റെ പലഭാഗങ്ങളിലായി ഉണ്ടായ തീ അണയ്ക്കാൻ മണിക്കൂറുകളുടെ പ്രയത്നം വേണ്ടിവന്നു.
ബത്തേരിയിൽ നിന്ന് ഫയർഫോഴ്സും എത്തിയിരുന്നു. ആദ്യം തീ കണ്ട സ്ഥലങ്ങളിലെ തീ അണച്ചശേഷം ഫയർഫോഴ്സ് സംഘം മടങ്ങിയപ്പോൾ ആനപ്പന്തിയിലും ചീയമ്പം കോളനിക്കടുത്തുമുള്ള വനങ്ങളിൽ തീപിടുത്തമുണ്ടായി. ചെതലയം റെയ്ഞ്ചിലെ ഇരുളം സെക്ഷനിൽപ്പെട്ട ഭാഗത്താണ് തീ പടർന്ന് പിടിച്ചത്.