സുൽത്താൻ ബത്തേരി: ആനയുടെ ഇഷ്ടഭക്ഷണമാണ് മുളയുടെ ഇല. എന്നാൽ നാൽപ്പത് വർഷം കൂടുമ്പോൾ പൂക്കുന്ന മുളയുടെ അരി കഴിക്കാൻ ആന എത്ര ദൂരെ നിന്നാണെങ്കിലും പൂത്ത മുളഞ്ചോട്ടിൽ എത്തും. മുളയരി തിന്ന് വയറ് നിറഞ്ഞാലേ പിന്നെ സ്ഥലം കാലിയാക്കുകയുള്ളു.കഴിഞ്ഞ ദിവസം മൂലങ്കാവ് കാപ്പിസ്റ്റോറിന് സമീപം 64-ൽ പൂത്ത മുളയുടെ അരി തിന്നാൻ രാത്രി എത്തിയ ആന രാവിലെ 10 മണിക്കാണ് തിരികെപോയത്.ദേശീയ പാത 766-ൽ റോഡിനോട് ചേർന്നാണ് ആന നിലയുറപ്പിച്ചതെങ്കിലും വാഹനങ്ങളുടെയോ ആളുകളുടെയോ ഒച്ചയും ബഹളവുമൊന്നും ആനയെ അലോസരപ്പെടുത്തിയില്ല. ഇഷ്ടഭക്ഷണം അകത്താക്കുന്നതിലായിരുന്നു ശ്രദ്ധ. വയർ നിറഞ്ഞ് ഒരു ചിന്നവും വിളിച്ചാണ് കാട്ടുകൊമ്പൻ വനത്തിലേക്ക് മറഞ്ഞത്. മുളയുടെ ചുവട്ടിൽ നിന്ന് ആന മാറിയതോടെ മുളയരിക്ക് കാത്തു നിന്ന മാൻ, കുരങ്ങ് തുടങ്ങിയവയും എത്തി.