flag
ഇവിടെ പോരില്ല; എല്ലാം ഒരു കുടക്കീഴിൽ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം മുറുകാനിരിക്കെ, വിവിധ പാർട്ടികളുടെ പതാകകളും ടി ഷർട്ടുകളും ദേശീയ നേതാക്കളുടെ ഫേസ് മാസ്‌കുകളും മറ്റും വില്പനയ്ക്കായി നിരത്തിയപ്പോൾ. കോഴിക്കോട് നടക്കാവിൽ നിന്നുള്ള ദൃശ്യം.

കോഴിക്കോട്: തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികളുടെ പോരാട്ട വേദിയിൽ മാത്രം ഒതുങ്ങുന്നില്ല. പ്രചാരണവുമായി ബന്ധപ്പെട്ട് അനുബന്ധ മേഖലകളിലായി ഒരു പാടു പേരുടെ പ്രതീക്ഷയുടെ കളം കൂടിയാണത്.

മാസങ്ങളായി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സാമ്പത്തിക പ്രതിസന്ധിയിലും വലഞ്ഞുപോയ വിപണിയിലും ഉണർവിന്റെ അലകളുയരുകയാണ്. കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു. പാർട്ടി പതാകകളും തോരണങ്ങളും മറ്റും വില്പനക്കെത്തിക്കുന്നവർക്കും കാമ്പയിൻ ബോർഡുകാർക്കും നാടുനീളെ ഓടാൻ റെഡിയായി നിൽക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലുള്ളവർക്കും ചുമരെഴുത്തുകാർക്കും മധുരപലഹാരങ്ങളുടെ കൊയ്‌ത്ത് പ്രതീക്ഷിക്കുന്ന ബേക്കറിക്കാർക്കുമെല്ലാം ഇനി

വരവിന്റെ നല്ല നാളുകളാണ്.

 ചാകരയുടെ ഓളം

അഞ്ചു വർഷം കൂടുമ്പോൾ എത്തുന്ന ചാകരയെ വരവേൽക്കാനുള്ള ഒരുക്കമാണെങ്ങും. ഇനിയുള്ള ഒരു മാസത്തോളം പ്രചാരണ കോലാഹലങ്ങളിൽ നാടിന്റെ മുക്കും മൂലയും അമരുമ്പോൾ അതിന്റേതായ മാറ്റങ്ങൾ വിവിധ തുറകളിലും കൂടി പ്രതിഫലിക്കും.

കൊവിഡ് ആക്രമണത്തിൽ തീർത്തും വരുമാനം നിലച്ചനിലയിലായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലും മറ്റുമുള്ളവർ. ലോക്ക് ഡൗൺ വേള പിന്നിട്ടപ്പോഴും നിയന്ത്രണങ്ങളുടെ പിടിവിടാത്തതു കാരണം ആഘോഷങ്ങളും ചടങ്ങുകളും മറ്റും ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് സീസണെങ്കിലും കനിയുമെന്ന് ആശിച്ച് കാത്തിരിക്കുകയാണ് ഇക്കൂരൊക്കെയും.

പ്രിന്റിംഗ് സ്ഥാപനങ്ങൾ, ആർട്ടിസ്റ്റുകൾ, സൗണ്ട് സിസ്റ്റം ഓപ്പറേറ്റർമാർ തുടങ്ങിയവർക്ക് ഓർഡറുകൾ കിട്ടിത്തുടങ്ങിയിട്ടുണ്ട്.

 കടകളിലും ഉണർവ്

വിവിധ പാർട്ടികളുടെ പതാകകൾക്കു പുറമെ ചിഹ്നങ്ങൾ പതിച്ച തൊപ്പികളും തരാതരം തോരണങ്ങളും നേതാക്കളുടെ മുഖവുമായുള്ള മാസ്‌കുകളും മറ്റും പലയിടത്തും നിരന്നുകഴിഞ്ഞു. പുതിയ കാലത്തിന്റെ മാറ്റം ഐറ്റങ്ങളിലും പ്രകടം. നേതാക്കളുടെ പടവുമായുള്ള ടി ഷർട്ടുകൾ, ചിഹ്നം പതിച്ച സഞ്ചികൾ വരെ ലഭ്യമാണ് വിപണിയിൽ. പതാകകൾ കൂടുതലായും വരുന്നത് ഡൽഹിയിൽ നിന്നാണ്. മാസ്‌കുകൾ എത്തുന്നത് തിരുപ്പതിയിൽ നിന്നും.

''ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ച് ടി ഷർട്ടും സഞ്ചിയും മറ്റും തയ്യാറാക്കി കൊടുക്കുന്നുണ്ട്. പൊതുവെ നല്ല കച്ചവടത്തിന്റെ സൂചനയാണ് കാണാനാവുന്നത്. ഇപ്പോൾ കൂടുതലും വിറ്റുപോകുന്നത് ഫ്ലാഗുകൾ തന്നെ. 28 രൂപ മുതൽ 140 രൂപ വരെയാണ് നിരക്ക്.

ഷിഹാബ് ഷാ,

സോഫിയ പാരഡൈസ്