കോഴിക്കോട്: വേനൽ ശക്തമായതോടെ ജില്ലയിൽ കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്താൻ കേരള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. കളക്ടർമാർക്കും വനംവന്യജീവി, പട്ടികജാതിപട്ടികവർഗ വികസന, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥർക്കുമാണ് നിർദേശം നൽകിയത്.
കാട്ടുതീ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്ക് വിവരം കൈമാറാൻ കൺട്രോൾ റൂം നമ്പർ പരമാവധി ജനങ്ങളിലേക്ക് എത്തിക്കും. വനം വകുപ്പിന് കീഴിൽ തീ കെടുത്താൻ വേണ്ട ഉപകരണങ്ങളും ജീവനക്കാരും ഉണ്ടെന്ന് ഉറപ്പ് വരുത്തും. ആവശ്യമെങ്കിൽ എല്ലാ റെയിഞ്ചിലേക്കും ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിൽ നിന്നും ജീവനക്കാരെ നിയോഗിക്കും.
കാട്ടുതീ സാധ്യതാ മേഖലകളിൽ ഫയർ ലൈനുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തും. കാട്ടുതീ സാധ്യതാ മേഖലകളിൽ 'കോൺട്രോൾഡ് ബർണിങ്' നടത്തും. വനത്തിനുള്ളിലും വനാതിർത്തികളിലും പകൽ സമയത്തും രാത്രികാലങ്ങളിലും പട്രോളിംഗ് ശക്തമാക്കും. കാട്ടുതീ സാധ്യത മേഖലകളിലും മുൻ വർഷങ്ങളിൽ കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണം.
അകാരണമായി വനത്തിനുള്ളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് നിയന്ത്രിക്കും. വനത്തിനുള്ളിലെ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ അകാരണമായി നിർത്തുന്നില്ല എന്ന് ഉറപ്പു വരുത്തും. ടൂറിസം മേഖലകളിൽ ക്യാമ്പ്ഫയർ, സിഗരറ്റ് ഉപയോഗം എന്നിവ നിരോധിക്കും. ഫയർ വാച്ചർമാരെ നിയോഗിക്കുന്നുണ്ടെന്നും അവരുടെ എണ്ണം പര്യാപ്തമാണെന്നും ഉറപ്പു വരുത്തും. റേഞ്ച് തലത്തിൽ സ്‌ക്വാഡുകൾ രൂപീകരിക്കും. വനസംരക്ഷണ സമിതികൾ വഴി അംഗങ്ങൾക്ക് കാട്ടുതീ നേരിടാനുള്ള പരിശീലനം ഇതിനോടകം നൽകി. വാഹനങ്ങൾ എത്തിപ്പെടുന്ന സ്ഥലങ്ങളിൽ ഫയർ ഫോഴ്‌സിന്റെ സേവനം ആവശ്യപ്പെടും.
വനത്തിനുള്ളിൽ താമസിക്കുന്ന പട്ടികജാതിപട്ടികവർഗ കോളനികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പട്ടികജാതിപട്ടികവർഗ വികസന വകുപ്പിനു നിർദേശം നൽകി. കോളനികളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കും. കാട്ടുതീ ഉണ്ടാകുന്ന പക്ഷം അവരെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കും.
വനാതിർത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാട്ടുതീ ബോധവൽക്കരണം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദേശം നൽകി.
സന്നദ്ധ സേനയുടെ മാതൃകയിൽ കാട്ടുതീ പ്രതിരോധത്തിനായി പ്രദേശവാസികളുടെ കൂട്ടായ്മ രൂപീകരിക്കും. പഞ്ചായത്തുകളിൽ നിലവിലുള്ള എമർജൻസി റെസ്‌പോൺസ് ടീമിലെ അംഗങ്ങളെ സജ്ജരാക്കാനും ആവശ്യമായ പരിശീലനം നൽകാനും നടപടികൾ സ്വീകരിക്കും.
അകാരണമായി വനത്തിനുള്ളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് നിയന്ത്രിക്കും
ടൂറിസം മേഖലകളിൽ ക്യാമ്പ്ഫയർ, സിഗരറ്റ് ഉപയോഗം എന്നിവ നിരോധിക്കും.
d 2019 thalapadam
e 2019