ndsx
തോട്ടത്തിൽ രവീന്ദ്രൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ സി.പി. എം സ്ഥാനാർത്ഥി ലിസ്റ്റിൽ അപ്രതീക്ഷിത പേരുകൾ. പാർട്ടി നേതൃത്വം അന്തിമപട്ടിക സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാന സമിതി യോഗത്തിന് ശേഷം പുറത്ത് വന്ന പേരുകളിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് സൂചന. ചിലപ്പോൾ ഒന്നോ രണ്ടോ പേരുകൾ മാറിയേക്കാമെന്നു മാത്രം.

കോഴിക്കോട് നോർത്തിൽ നിന്ന് ഇടയ്ക്ക് വെച്ച് സംവിധായകൻ രഞ്ജിത്തിന്റെ പേരുയർന്നതാണെങ്കിലും വിജയ സാദ്ധ്യത കണക്കിലെടുത്ത് വീണ്ടും എ പ്രദീപ്കുമാറിന്റെ പേര് തന്നെയായിരുന്നു ഇവിടെ പരിഗണനയിൽ. രണ്ട് തവണ എം.എൽ.എയായവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെ പ്രദീപ്കുമാർ വീണ്ടും പുറത്തായി. ഇപ്പോൾ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ പേരാണ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

കൊയിലാണ്ടിയിൽ വിജയസാദ്ധ്യത കണക്കിലെടുത്ത് സിറ്റിംഗ് എം.എൽ.എ കെ. ദാസന്റെ പേരാണ് ആദ്യം പറഞ്ഞു കേട്ടിരുന്നുത്. പിന്നീട് നഗരസഭാ മുൻ ചെയർമാൻ കെ. സത്യന്റെയും കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂബിന്റെയും പേരുകളായി. ഇപ്പോൾ ലിസ്റ്റിലുള്ളത് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും മുൻ എം.പിയുമായ പി. സതീദേവിയു‌ടെ പേരാണ്.

പേരാമ്പ്രയിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഇത്തവണ മത്സരിക്കില്ലെന്നാണ് ആദ്യം പാർട്ടി കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. ഡി.വൈ.എഫ് ഐ നേതാവ് എസ്.കെ സജീഷ് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഒടുവിലുള്ള ലിസ്റ്റിൽ മന്ത്രിയുടെ പേര് തന്നെയാണ്.

ബേപ്പൂരിൽ താൻ വീണ്ടും മത്സരിക്കാനില്ലെന്ന് സിറ്റിംഗ് എം.എൽ.എ വി.കെ സി മമ്മദ് കോയ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇവിടെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസാണ് സ്ഥാനാർത്ഥി. തിരുവമ്പാടിയിൽ പരിഗണനയിലുള്ളത് രണ്ട് പേരാണ്; ഗിരീഷ് ജോൺ, ലിന്റോ ജോസഫ്.

കുന്ദമംഗലത്തും കൊടുവള്ളിയിലും ഇടതുമുന്നണി സ്വതന്ത്രരായ പി.ടി.എ റഹീമും കാരാട്ട് റസാഖും തന്നെയാണ് മത്സരിക്കുക.

കോഴിക്കോട് സൗത്തിൽ ഐ.എൻ.എൽ, എലത്തൂരിൽ എൻ.സി.പി, വടകരയിൽ എൽ.ജെ ഡി, നാദാപുരത്ത് സി.പി.ഐ , കുറ്റ്യാടിയിൽ കേരള കോൺഗ്രസ് (എം) എന്നീ ഘടകകക്ഷികളാണ് മത്സരിക്കുന്നത്. ഇവരുടെ സ്ഥാനാർത്ഥികളെ ഇതു വരെ തീരുമാനിച്ചിട്ടില്ല.