കൊയിലാണ്ടി: നാട്ടിൻപുറത്തുകാർക്കെന്നല്ല, നഗരവാസികൾക്കും കോഴി വളർത്തലിനോട് താത്പര്യമേറി. മോശമല്ലാത്ത വരുമാനമുണ്ടാക്കാനാവുമെന്നതു തന്നെ കാരണം.
നഗരസഭയിൽ ഇന്നലെ മാത്രം വിതരണം ചെയ്തത് മൂവായിരത്തിലധികം കോഴിക്കുഞ്ഞുങ്ങളെ. ആവശ്യക്കാരായി എത്തിയവരിൽ ബഹുഭൂരിപക്ഷവും വീട്ടമ്മമാരായിരുന്നു. എല്ലാവർക്കും വിതരണത്തിന് എത്തിയിരുന്നില്ല. മടങ്ങേണ്ടി വന്നവർക്ക് അടുത്ത ദിവസം തന്നെ വിതരണം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്ൺ കെ.പി സുധ പറഞ്ഞു.
നടപ്പ് സാമ്പത്തികവർഷം ഗ്രാമസഭകൾ മുഖേന തിരഞ്ഞെടുത്തവരാണ് ഉപഭോക്താക്കൾ. ഉപഭോക്‌തൃവിഹിതം പത്ത് കോഴിക്ക് എഴുനൂറ് രൂപയാണ്. നഗരസഭാ വിഹിതം 500 രൂപയും. കൈരളി ഇനത്തിൽ പെട്ടവയാണ് കോഴിക്കുഞ്ഞുങ്ങൾ.
തിരഞ്ഞെടുക്കപ്പെട്ടവരൊക്കെയും വിതരണ കേന്ദ്രത്തിൽ അതിരാവിലെ തന്നെ എത്തിയിരുന്നു. എന്നാൽ, പലർക്കും കിട്ടാതെ തിരിച്ചുപോവേണ്ടി വന്നു. ഉപഭോക്താക്കളിൽ വീട്ടമ്മമാരുൾപ്പെടെ പലരും നല്ലൊരു വരുമാനമാർഗമെന്ന നിലയിൽ തന്നെയാണ് കോഴി വളർത്തൽ ഏറ്റെടുക്കുന്നത്. മുൻവർഷങ്ങളിൽ വിതരണത്തിന് എത്തിച്ച കോഴികളെ ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് തിരികെ കൊണ്ടുപോയ അനുഭവമായിരുന്നുവെങ്കിൽ ഇത്തവണ പാടെ മാറി സ്ഥിതി.
അയ്യായിരം മുതൽ ഇരുപത്തായ്യായിരം രൂപ വരെ ചെലവ് ചെയ്തു മികച്ച കൂടുകൾ നിർമ്മിച്ചാണ് പലരും മുന്നിട്ടിറങ്ങുന്നത്. കോഴി വളർത്തൽ വ്യാപകമായതോടെ മുട്ടയുടെ വില കുറയുന്നുണ്ടെന്നും ചിലർ പറഞ്ഞു. നേരത്തെ പത്ത് രൂപയുണ്ടായിരുന്ന നാടൻ മുട്ടയ്ക്ക് ഇപ്പോൾ എട്ട് രൂപയേ കിട്ടുന്നുള്ളൂ. കൊവിഡ് വ്യാപനം സൃഷ്ടിച്ച തൊഴിലില്ലായ്മാപ്രശ്നത്തിൽ പലരും കോഴി വളർത്തലിലേക്ക് തിരിയുകയായിരുന്നു.