
കൽപറ്റ: വയനാട്ടിലെ ഏക ജനറൽ മണ്ഡലമായ കൽപ്പറ്റ സീറ്റിനുവേണ്ടി കോൺഗ്രസിലെ ഐ ഗ്രൂപ്പ് പിടിമുറുക്കി. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കൾ പാർട്ടി സംസ്ഥാന നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മറിച്ചു തീരുമാനമുണ്ടായാൽ പ്രവർത്തകരിൽ നിന്ന് എതിർപ്പുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.
എ വിഭാഗത്തിൽനിന്നുള്ള ടി.സിദ്ദിഖ്, കെ.സി.റോസക്കുട്ടി, പി.പി.ആലി, എൻ.ഡി.അപ്പച്ചൻ, കെ.ഇ.വിനയൻ എന്നിവരെ കൽപ്പറ്റ മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഐ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചത്. ജില്ലയിൽ ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ, കെ.പി.സി.സി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി.വി.ബാലചന്ദ്രൻ, സെക്രട്ടറി കെ.കെ.അബ്രഹാം, മെമ്പറും ഡി.സി.സി മുൻ പ്രസിന്റുമായ കെ.എൽ.പൗലോസ് എന്നിവർ ഐ ഗ്രൂപ്പിലെ പ്രമുഖരാണ്. ഐ.സി.ബാലകൃഷ്ണൻ ബത്തേരിയിൽ മൂന്നാം തവണയും മത്രസരിക്കാൻ ഒരുങ്ങുകയാണ്.
ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും കാലങ്ങളായി ഐ ഗ്രൂപ്പ് നേതാക്കളാണ് മത്സരിച്ചുവന്നിരുന്നത്. മാനന്തവാടിയിൽ 2011ൽ രാഹുൽഗാന്ധിയുടെ പ്രത്യേക താത്പര്യം അനുസരിച്ചാണ് എ ഗ്രൂപ്പിൽനിന്നുള്ള പി.കെ.ജയലക്ഷ്മി സ്ഥാനാർഥിയായത്. ഇതോടെ മണ്ഡലം എ ഗ്രൂപ്പിന്റേതായി. 2016ൽ മാനന്തവാടിയിൽ മത്സരിച്ചുതോറ്റ ജയലക്ഷ്മി ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.
ഐ ഗ്രൂപ്പിന്റെ മണ്ഡലമായിരുന്നു കൽപ്പറ്റ. മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച കെ.ജി.അടിയോടി (1977), എം.കമലം(1980,1082), കെ.കെ.രാമചന്ദ്രൻ(1991,1996,2001,2006) എന്നിവർ ഐ ഗ്രൂപ്പിൽനിന്നുള്ളവരാണ്. 2011ലും 2016ലും കോൺഗ്രസ് സഖ്യകക്ഷിയായ ജനതാദളാണ് മണ്ഡലത്തിൽ മത്സരിച്ചത്. ഇത്തവണ ജനതാദൾ(എൽ.ജെ.ഡി) ഇടതു മുന്നണിയിലായതോടെയാണ് കൽപറ്റ സീറ്റ് കോൺഗ്രസിൽ തിരിച്ചെത്തിയത്.
എ ഗ്രൂപ്പിൽനിന്നുള്ളയാളാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ. ഈ പശ്ചാത്തലത്തിൽ കൽപ്പറ്റ സീറ്റ് കിട്ടണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കൽപ്പറ്റ.
കൽപ്പറ്റ നഗരസഭയും മുട്ടിൽ, കോട്ടത്തറ, തരിയോട്, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മേപ്പാടി, പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിയോജകമണ്ഡലം. ഇതിൽ പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകൾ ഒഴികെ തദ്ദേശ സ്ഥാപനങ്ങൾ യു.ഡി.എഫ് ഭരണത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 73,086 വോട്ടാണ് യു.ഡി.എഫിനു ലഭിച്ചത്. എൽ.ഡി.എഫ് 68,481 വോട്ട് നേടി. എൻ.ഡി.എയ്ക്ക് 14,601 വോട്ട്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽഗാന്ധിക്ക് 1,01,229 വോട്ടാണ് ലഭിച്ചത്. 37,475 വോട്ടായിരുന്നു എൽ.ഡി.എഫിന്.
2016ൽ സി.പി.എമ്മിലെ സി.കെ.ശശീന്ദ്രൻ 13,083 വോട്ടിനാണ് യു.ഡി.എഫിലായിരുന്ന ശ്രേയാംസ്‌കുമാറിനെ തോൽപ്പിച്ചത്.