സുൽത്താൻ ബത്തേരി : വൃത്തിയുടെ പട്ടണമായ സുൽത്താൻ ബത്തേരി കാണാനും പഠിക്കാനുമായി കുന്ദമംഗലം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ഫ്ളവർ സിറ്റിയായ സുൽത്താൻ ബത്തേരിയിലെത്തി. പട്ടണം വൃത്തിയായി സൂക്ഷിക്കുന്നതും നടപ്പിലാക്കുന്നതും എങ്ങിനെയാണെന്ന് നേരിൽ കണ്ട് മനസിലാക്കാനാണ് ഭരണ സമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം ബത്തേരിയിലെത്തിയത്. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായ ബത്തേരി പട്ടണവും നഗരസഭയുമാണ് കുന്ദമംഗലം പഞ്ചായത്ത് ഭരണ സമിതി പഠന വിധേയമാക്കാനായി സന്ദർശിച്ചത്. പ്രസിഡന്റും വൈസ് പ്രസിഡന്റുമടക്കം 17 പേരാണ് നഗരസഭയിലെ ശുചീകരണവും മറ്റും നേരിൽ കണ്ട് കാര്യങ്ങൾ വിലയിരുത്താനെത്തിയത്. ഗ്രീൻസിറ്റി, ക്ലീൻസിറ്റി, ഫ്ലവർസിറ്റി എന്ന് ബത്തേരിയെ പറ്റി പറഞ്ഞുകേട്ടിരുന്നെങ്കിലും ഇത്രയും വൃത്തിയായി പട്ടണത്തെ ഇവിടുത്തെ നഗരസഭയും ജനങ്ങളും പരിപാലിക്കുന്നത് നേരിൽ കണ്ട് ബോധ്യമായെന്ന് വൈസ് പ്രസിഡന്റ് അനിൽകുമാർ പറഞ്ഞു. ഒരു കടലാസ് കഷണം പോലും എവിടെയും കാണാനില്ല. ആരും തന്നെ ഒരു മിഠായി കടലാസ് പോലും വലിച്ചെറിയുന്നില്ല. ശുചീകരണ തൊഴിലാളികളുടെ ആത്മാർത്ഥമായ പ്രവർത്തനവും ഇവിടുത്തെ ജനങ്ങളുടെ സഹകരണവുമാണ് ഇതിന് കാരണം. ഇതിന് നേതൃത്വം നൽകുന്ന നഗരസഭയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. റോഡിന്റെ ഇരുവശങ്ങളിലേയും ഫുട്പാത്തുകളിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ തന്നെ ഏറെ സന്തോഷവും കുളിർമ്മയുമേകുന്നതാണന്ന് കുന്ദമംഗലം പഞ്ചായത്ത് ഭരണ സമിതി അഭിപ്രായപ്പെട്ടു. നഗരസഭ പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും ചേർന്ന് അതിഥികളെ സ്വീകരിച്ചു. തുടർന്ന് പട്ടണം വൃത്തിയുടെ മാതൃകയായി എങ്ങനെ മാറ്റിയെടുത്തുവെന്നതിനെകുറിച്ച് നഗരസഭ ഭരണ സമിതിയുമായി ചർച്ച നടത്തുകയും സംഘം പട്ടണം ചുറ്റി നടന്ന് കാണുകയും ചെയ്തു. ബത്തേരിയുടെ മാതൃക സ്വന്തം പഞ്ചായത്തിലും നടപ്പിലാക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.