കോഴിക്കോട് : ബൈപ്പാസ് കിനാവ് കണ്ട് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ മൂന്ന് മീറ്റർ റോഡിലൂടെ അരനൂറ്റാണ്ടോളം നടന്നു തീർത്ത കൊമ്മേരിക്കാരുടെ തലവര തെളിഞ്ഞു, മേത്തോട്ട് താഴം - കൊമ്മേരി- മാങ്കാവ് റോഡിന് ഭൂമി ഏറ്റെടുക്കൽ തുടങ്ങി. 18 മീറ്രർ വീതിയിൽ രണ്ട് കിലോമീറ്ററോളം നീളത്തിലാണ് റോഡ് വരുന്നത്.
റോഡിനായി കണ്ടെത്തിയ സ്ഥലത്ത് 47 കൊല്ലമായി കഴിയുന്ന 16 കുടുംബങ്ങൾ ഭൂമി ഏറ്റെടുക്കൽ തുടങ്ങിയതോടെ സന്തോഷത്തിലാണ്. നല്ലൊരു വീട് സ്വപ്നം കണ്ടവർ, ഏറെക്കാലം സർക്കാർ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടവർ, കല്യാണം പോലും മുടങ്ങിപ്പോയ നിരവധി പേർ. അവരുടെയെല്ലാം ദുരിതകാലത്തിന് ഇതോടെ അറുതിയാവും. ഭൂമിയും ആകെയുള്ള കൂരയും വിട്ടുനൽകാൻ തയ്യാറാകുന്നവർക്ക് പക്ഷെ, ഒരു അപേക്ഷയുണ്ട്. അദ്ധ്വാനിച്ച് ഇനിയൊരു കൂരയുണ്ടാക്കാൻ ബാല്യമില്ല, സർക്കാർ സ്ഥലം വാങ്ങി വീട് വെച്ച് നൽകുകയോ, സ്ഥലം വാങ്ങി വീട് വെക്കാൻ ആവശ്യമായ തുക അനുവദിക്കുകയോ വേണം.
രാമനാട്ടുകര- തൊണ്ടയാട് ബൈപ്പാസിനെയും മീഞ്ചന്ത ബൈപ്പാസിനെയും ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട റോഡ്. 16 വീടുകൾ ഉൾപ്പെടെ ഒമ്പത് ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏഴായി തരം തിരിച്ചാണ് വില നിശ്ചയിക്കുന്നത്. രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് ഭൂഉടമകൾക്ക് പണം നൽകും. നഷ്ടപ്പെടുന്ന കെട്ടിടങ്ങൾക്കും മരങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കുമെല്ലാം മൂല്യം കണക്കാക്കി പണം അനുവദിക്കുന്നുണ്ട്. 2017 മുതൽ റോഡ് നവീകരണത്തിനായി ഒന്നിച്ച് നിൽക്കാം ഒന്നിച്ച് നേടാം എന്ന മുദ്രാവാക്യമുയർത്തി നാട്ടുകാരുടെ ജനകീയ കമ്മിറ്റി പ്രവർത്തിച്ചുവരികയാണ്.
ബൈപ്പാസ് യാഥാർത്ഥ്യമായാൽ
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയും
തൊണ്ടയാട് ബൈപ്പാസിൽ നിന്ന് മീഞ്ചന്ത ബൈപ്പാസിലേക്ക് എളുപ്പമെത്താം
ഫറോക്ക്- നെല്ലിക്കോട് യാത്ര സുഖമമാവും
കോഴിക്കോടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് മെഡിക്കൽ കോളേജിലേക്ക് എളുപ്പ മാർഗം
നഗരം തൊടാതെ കണ്ണൂർ, വയനാട് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാം
പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് സാഹചര്യം ഒരുങ്ങും
റെയിൽവേ സ്റ്റേഷൻ- എയർപോർട്ട് യാത്ര വേഗത്തിൽ
" സ്ഥലമേറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിലാണ്. ഭൂമി ലഭിച്ച ഉടനെ റോഡ് നിർമാണം ആരംഭിക്കാൻ സാധിക്കും. റോഡിന് വേണ്ടി കണ്ടെത്തിയ ഭൂമിയിൽ വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്നവർക്ക് ആശ്വാസമാകുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്."
എം.സി അനിൽകുമാർ ( കുതിരവട്ടം കൗൺസിലർ, കൊമ്മേരി ഡിവിഷൻ മുൻ കൗൺസിലർ, )
" ഭൂമി ഏറ്റെടുക്കൽ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. കാര്യമായ പരാതികൾ ഇല്ലാതെ മുന്നോട്ട് പോകുന്നു. നാടിന്റെ ഏറെ കാലത്തെ ആവശ്യമാണ് ഈ റോഡ്" ........ കെ.പി സുബൈർ ( ജനകീയ കമ്മിറ്റി സെക്രട്ടറി)
" റോഡിന്റെ വികസനത്തിന് എല്ലാവരും ഒറ്റക്കെട്ടാണ്. നാട്ടുകാരുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ വൈകാതെ റോഡ് നിർമാണം സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ " . പലോത്ത് മോഹനൻ