
കോഴിക്കോട്: പാർട്ടിയ്ക്ക് 'സ്ഥാനം ഇല്ലാതാക്കുന്ന" സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പല മണ്ഡലങ്ങളിലും സി.പി.എമ്മിനകത്ത് അമർഷം പുകയുന്നു. അണികളുടെ മനസ് കാണാതുള്ള തീരുമാനങ്ങൾ എങ്ങനെ അംഗീകരിക്കാനാവുമെന്ന ചോദ്യമാണ് പ്രതിഷേധക്കാരുടേത്.
സിറ്റിംഗ് എം.എൽ.എ മാരായ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കു പുറമെ എൽ.ജെ.ഡി, കേരള കോൺഗ്രസ് (എം), ഐ.എൻ.എൽ എന്നീ കക്ഷികൾക്കും കൂടി സീറ്ര് വീതംവെക്കേണ്ടി വരുന്നതോടെ പാർട്ടി ശൂന്യതയിലാവുകയാണെന്ന ആക്ഷേപമാണുയരുന്നത്. ഒരു താലൂക്കിൽ തന്നെ സി.പി.എമ്മിന് സീറ്റില്ലാത്ത അവസ്ഥയായാലോ ?. കുറ്റ്യാടിക്കാരുടെ രോഷം വടകര താലൂക്കിലാകെ പടരുകയാണ്.
കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുയർന്നത് ജില്ലാ നേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. കുറ്റ്യാടിയ്ക്ക് പകരം കേരള കോൺഗ്രസിന് കുറച്ചുകൂടി വേരുകളുള്ള തിരുവമ്പാടി കൊടുത്താൽ പോരേ എന്ന സംശയം തീർക്കാൻ നേതൃത്വത്തിനാവുന്നില്ല. പുതിയ സാഹചര്യത്തിൽ ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവിടെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ് കുട്ടിയ്ക്ക് സീറ്റ് നൽകണമെന്ന ആവശ്യമാണ് പാർട്ടി അണികളുടേത്.
വടകര, നാദാപുരം, കൊയിലാണ്ടി, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലും പ്രതിഷേധം പല തരത്തിലായുണ്ട്. വടകര പതിവായി വിട്ടുകൊടുക്കേണ്ടതുണ്ടോ ചോദ്യമാണ് പൊതുവെ ഉയരുന്നത്. സംസ്ഥാനത്ത് എൽ.ജെ.ഡിയ്ക്ക് കൂടുതൽ സ്വാധീനമുള്ള മണ്ഡലമെന്ന നിലയിൽ അത് അംഗീകരിക്കാമെന്നു വെച്ചാൽ തന്നെ കുറ്റ്യാടി വിടുന്നതിന് ന്യായമില്ലല്ലോ എന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർക്കുന്നു.
നാദാപുരം സി.പി.ഐ യിൽ നിന്ന് ഇത്തവണയെങ്കിലും ഏറ്റെടുക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നതാണ്. പക്ഷേ, വെച്ചുമാറ്റത്തിന് സി.പി.ഐ ഒരുക്കമായിരുന്നില്ല. സംവരണ മണ്ഡലമായ ബാലുശ്ശേരി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് സി.പി.ഐ തീർത്തും നിരസിക്കുകയായിരുന്നു.
രണ്ട് ടേം നിബന്ധനയിൽ കടുംപിടുത്തം ഒഴിവാക്കി കെ. ദാസനെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം കൊയിലാണ്ടിയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള കെ. ദാസന് പകരം പുറത്തു നിന്നുള്ളവരെ കൊണ്ടുവരുന്നതിനോട് പ്രാദേശിക ഘടകങ്ങൾക്ക് താത്പര്യമില്ല. കോൺഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള മണ്ഡലം നിലനിറുത്തണമെങ്കിൽ കെ.ദാസൻ തന്നെ വേണമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
എലത്തൂരിൽ ഇത്തവണയും മന്ത്രി എ.കെ.ശശീന്ദ്രൻ മത്സരിക്കുന്നതിനോട് സി.പി.എമ്മിനകത്ത് എതിർപ്പ് കൂടിയിരിക്കുകയാണ്. കോഴിക്കോട് നോർത്തിൽ എ. പ്രദീപ് കുമാറിന് പകരം മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതിലും പാർട്ടിയ്ക്കുള്ളിൽ മുറുമുറുപ്പുണ്ട്. ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി നേരിടുക എന്ന ലക്ഷ്യമാണ് തോട്ടത്തിൽ രവീന്ദ്രനെ പരിഗണിക്കുന്നതിന് പിന്നിൽ. പക്ഷേ, ഇവിടെ യുവനേതാക്കളാരെങ്കിലും മത്സരിക്കട്ടെ എന്ന ചിന്താഗതിയാണ് പാർട്ടി നേതൃതലത്തിൽ പലർക്കും. കോഴിക്കോട് സൗത്ത് ഐ.എൻ.എല്ലിൽ നിന്ന് ഏറ്റെടുത്താൽ പാർട്ടിയ്ക്ക് നേടാനാവുമെന്ന അവകാശവാദവുമുണ്ട്. യു.ഡി.എഫ് പക്ഷത്ത് എം.കെ. മുനീർ തന്നെ സ്ഥാനാർത്ഥിയായാലും ഈ മണ്ഡലം പിടിച്ചെടുക്കാനാവുമെന്ന വിലയിരുത്തലാണ് പ്രാദേശിക ഘടകങ്ങളുടേത്.
ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസിന്റെ കാര്യത്തിൽ ചില കോണുകളിൽ നിന്നു ആശങ്കയുയരുന്നുണ്ട്. സിറ്റിംഗ് എം.എൽ.എ വി.കെ.സി മമ്മദ് കോയയ്ക്കുള്ള ജനകീയാംഗീകാരം റിയാസിനു ലഭിക്കുമോ എന്ന സംശയമാണ് ഇതിനു പിന്നിൽ.
കഴിഞ്ഞ തവണ സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത് കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, തിരുമ്പാടി, ബേപ്പൂർ എന്നിവിടങ്ങളിലാണ്. കൊടുവള്ളി, കുന്ദമംഗലം എന്നിവിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും.