
കോഴിക്കോട്: വെറുതെയൊരു യാത്ര പോയാലോ..?, ചോദ്യം തീരുംമുമ്പെയെത്തും മുടക്കും മറുപടി, ഓ പിന്നെ ആവട്ടെ, ലീവില്ല, വീട്ടിൽ സമ്മതിക്കില്ല, പണമില്ല അങ്ങനെ അങ്ങനെ.. എന്നാൽ പ്രാരാബ്ദങ്ങളും പ്രതിസന്ധികളും കുന്നോളമുണ്ടായിട്ടും കോഴിക്കോട്ടെ കായലം സ്വദേശി സജ്ന അലി യാത്ര പോയി; പല ദേശങ്ങളിലൂടെ, പല കാലങ്ങളിൽ, അതും ഒറ്റയ്ക്ക്. തീർന്നില്ല, യാത്ര ഹരമായതോടെ യാത്ര ഇഷ്ടപ്പെടുന്നവർക്കായി കൂട്ടമുണ്ടാക്കി, അപ്പൂപ്പൻതാടിയെന്ന പേരിൽ.
കുട്ടിയായിരുന്നപ്പോൾ ലോറി ഡ്രൈവറായ ബാപ്പ പറയുന്ന 'സഞ്ചാര കഥ'കളാണ് സജ്‌നയെ അപ്പൂപ്പൻതാടിയാക്കിയത്. ടെക്‌നോ പാർക്കിലെ ജോലിക്കിടെ ഒരിക്കൽ 5 ദിവസം അവധി കിട്ടിയതാണ് സജ്‌നയുടെ യാത്രയുടെ ഫ്ലാഗ് ഓഫ്. സുഹൃത്തുക്കളുമൊത്ത് പുരിയിലേക്ക് യാത്രയ്ക്കൊരുങ്ങി. എന്നാൽ അവസാന സമയം സുഹൃത്തുക്കൾ പലകാരണങ്ങളാൽ പിൻവാങ്ങി. പക്ഷേ, സജ്ന പിന്തിരിഞ്ഞില്ല. വീട്ടിൽ അറിയാതെയായിരുന്നു ആദ്യയാത്ര. ഏറെ അനുഭവങ്ങളും ധൈര്യവും പകർന്ന ആദ്യയാത്രയുടെ ഊർജ്ജത്തിൽ പിന്നെയും എത്രയോ യാത്രകൾ. മൂന്നുമാസം കൂടുമ്പോൾ വീട്ടിലെ ചെലവെല്ലാം കഴിഞ്ഞ് വരുന്ന തുകയിൽ ടിക്കറ്റും താമസവും തരപ്പെടുത്തി യാത്ര തിരിക്കും. ആദ്യ മൂന്ന് യാത്ര കഴിഞ്ഞപ്പോഴേക്കും സജ്‌നയുടെ 'സഞ്ചാര ഭ്രാന്തി'നോട് വീട്ടുകാർക്ക് എതിർപ്പായി. കുടുംബം ഒന്നാകെ തടഞ്ഞിട്ടും സജ്ന പറന്നുനടന്നു.
അപ്പൂപ്പൻ താടി
യാത്രയിലെ ചിത്രങ്ങളും അനുഭവങ്ങളും ഫേസ് ബുക്കിൽ പങ്കുവച്ചതോടെ കൂടെ കൂട്ടുമോയെന്ന ചോദ്യവുമായി നിരവധി പെൺകുട്ടികളെത്തി. ഒടുവിൽ, ടെക്‌നോപാർക്കിലെ അടുത്ത സുഹൃത്തുക്കളെ ചേർത്ത് സജ്‌ന ഒരു കൂട്ടായ്മ തുടങ്ങി. 'അപ്പൂപ്പൻ താടി'. സ്ത്രീകൾക്ക് മാത്രമായി ആരംഭിച്ച കേരളത്തിലെ ആദ്യ ട്രാവൽ ഗ്രൂപ്പായിരുന്നു.
തുടക്കത്തിൽ പെൺകുട്ടികളുടെ അച്ഛനമ്മമാർക്കും ഭർത്താക്കന്മാർക്കും ഈ പെൺകൂട്ട് യാത്രയെ ഭയമായിരുന്നു. തെളിവിനായി സജ്‌നയുടെ ഫോട്ടോ എടുത്ത വീട്ടുകാർ വരെയുണ്ടായിരുന്നു. അപ്പൂപ്പൻതാടി വിജയമായതോടെ 22 പേരിൽ തുടങ്ങിയ കൂട്ടായ്മ 2700 പേരിലേക്ക് വളർന്ന് ഇന്ത്യയിലും വിദേശത്തുമായി 280 ഓളം യാത്രകൾ നടത്തി.
ഭർത്താവ് രാം കുമാറും ഉമ്മ മറിയയും സഹോദരി സുധിനയും കട്ട സപ്പോർട്ടുമായി കൂടെയുണ്ട്. തിരുവനന്തപുരത്ത് ഒരു എൻ.ജി.ഒയിൽ വോളണ്ടിയർ കൂടിയാണ്. ഐ ലവ് ട്രാവൽ എന്നതിൽ നിന്ന് ഐ ഡു ട്രാവൽ എന്നതിലേക്ക് മാറ്റി പറയാൻ എല്ലാവർക്കും കഴിയണമെന്നാണ് സജ്നയുടെ പക്ഷം.