സുൽത്താൻ ബത്തേരി: വലിച്ചെറിയുന്ന ഓരോ കുപ്പിയും അജീലയ്ക്ക് പാഴ്‌വസ്തുവല്ല, ജീവിത പടവുകളാണ്. മിനുമിനുത്ത പ്രതലത്തിൽ നിറം പടർത്തി അവർ ചവിട്ടി മുന്നേറുകയാണ് കരുതലോടെ നാളെയിലേക്ക്. ഇന്ത്യയ്ക്കകത്തും പുറത്തും അജീലയുടെ ബോട്ടിൽ ആർട്ടിന് ആരാധകരുണ്ട്. ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് വിലയെത്ര പറഞ്ഞാലും ആരും നോ പറയില്ല. ഒരു ഫോട്ടോ നൽകിയാൽ മതി തനിപ്പകർപ്പ് മണിക്കൂറുകൾക്കകം കുപ്പിയിൽ റെഡി !. ബോട്ടിൽ ആർട്ട് കുട്ടിക്കളിയല്ലെന്ന് തിരിച്ചറിഞ്ഞ അജീല തൊഴിലായി സ്വീകരിച്ചതോടെ വരുമാന വഴിയും തെളിയുകയായിരുന്നു.
ഫൈനാട്‌സിൽ ഡിപ്ലോമ നേടിയ ശേഷം ക്രാഫ്റ്റ് വർക്കുകളിലും ഷോപ്പർ പ്രിന്റിംഗിലും ഡിസൈൻ ചെയ്തുവരികയായിരുന്നു. യാദൃശ്ചികമാണ് ബോട്ടിൽ ആർട്ടിലേക്കുള്ള ചുവടുവയ്പ്. ഭർതൃസഹോദരന്റെ മകൾക്കാണ് ആദ്യമായി ബോട്ടിൽ വർക്ക് നൽകുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയതിനുള്ള സമ്മാനമായിരുന്നു അത്. പരീക്ഷണം ക്ലിക്കായതോടെ തുടരാൻ തീരുമാനിച്ചു. കൊവിഡ് കാലം അജീലയ്ക്ക് ബോട്ടിൽ ആർട്ടിനെ രാകിമിനുക്കാനുള്ള അടച്ചിടലായിരുന്നു. ചില്ലുപ്രതലത്തിൽ ജീവൻ തുടക്കുന്ന നിരവധി ചിത്രങ്ങളാണ് മഹാമാരിയുടെ ആസൂര കാലത്ത് പിറവിയെടുത്തത്.
അക്രലിക് പെയിന്റിൽ വിരിയുന്ന ചിത്രങ്ങൾ പുറം ലോകത്തും അറിയാൻ തുടങ്ങിയതോടെ അജീലയുടെ ചിത്രങ്ങൾ തേടി ദേശങ്ങൾ കടന്നും പലരുമെത്തി. 'കളർപെൻസിൽ' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇപ്പോൾ ഓർഡറുകൾ സ്വീകരിക്കുന്നത്. ഇന്ത്യയിൽ മദ്ധ്യപ്രദേശ്, ബംഗളൂരു, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും ഗൾഫ് നാടുകൾക്ക് പുറമെ ചൈനയിൽ നിന്നുമാണ് ആവശ്യക്കാർ ഏറെയും. ഭർത്താവ് കോഴിക്കോട് കൊടുവള്ളി ഒതയോത്ത് പൊയിൽ ജാനീഷിന്റെ പ്രോത്സാഹനമാണ് അജീലയുടെ കലാ വിജയം. പുത്തൻകുന്ന് മഠത്തുപടിക്കൽ ഹമീദ്- സക്കീന ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് അജീല. ഒന്നരവയസുകാരൻ ഡെസിൻ ഇവാൻ ഏകമകനാണ്. ബോട്ടിൽ ആർട്ടിന് ആവശ്യമായ കുപ്പികൾ വയനാട് ജില്ലയിലെ റിസോർട്ടുകളിൽ നിന്നും മറ്റും ശേഖരിച്ച് പിതാവാണ് കൊടുവള്ളിയിലെ വീട്ടിലെത്തിക്കുന്നത്.