
പിണങ്ങോട്: കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി പതിനൊന്ന് വർഷക്കാലമായി കിടപ്പിലായ ഭർത്താവിനെ ജോലിക്ക് പോലും പോകാതെ പരിചരിക്കുന്ന ഭാര്യയെ വനിതാ ദിനത്തിൽ തരിയോട് സെക്കൻഡറി പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിങ് ഗ്രൂപ്പ് ആദരിച്ചു. വെങ്ങപ്പള്ളി പഞ്ചായത്തിലെ പുഴക്കൽ പ്രദേശത്തുള്ള കിടപ്പ് രോഗിയായ ഗിരീഷിന്റെ ഭാര്യ ഷൈലജയെയാണ് ആദരിച്ചത്. പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡന്റും തരിയോട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി പൊന്നാട അണിയിച്ചു. സെക്രട്ടറി എം.ശിവാനന്ദൻ, അനിൽകുമാർ, സലീം വാക്കട, ഫിസിയോതെറാപ്പിസ്റ്റ് സനൽരാജ് തുടങ്ങിയവർ പങ്കെടുത്തു.
2010ൽ ആണ് ഗിരീഷ് തൊഴിലിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റത്. ചികിത്സകൾ ഫലിക്കാതെ പതിനൊന്ന് വർഷമായി കിടപ്പിലാണ്. മക്കളുടെ പഠനവും കുടുംബത്തിന്റെ ചെലവുകളടക്കം കണ്ടെത്തി നിരവധി ത്യാഗങ്ങൾ സഹിച്ചാണ് ഷൈലജ ഭർത്താവിനെ പരിപാലിച്ച് വന്നത്. സഹായത്തിന് ഇപ്പോൾ മക്കളായ ജിത്തുവും ജിഷ്ണുവുമുണ്ട്.
തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ, ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളിൽ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികൾക്ക് സാന്ത്വനമായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് പാലിയേറ്റീവ് വളണ്ടിയർ സപ്പോർട്ടിങ് ഗ്രൂപ്പ്.