auto
നിലയ്ക്കാത്ത പ്രതിഷേധം: 'ഞങ്ങളുടെ സ്ഥാനാർത്ഥി കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

കോഴിക്കോട്: സി.പി.എം പ്രവർത്തകർ കുറ്റ്യാടിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന്റെ പ്രതിധ്വനി മറ്റു മണ്ഡലങ്ങളിലേക്ക് കൂടി പടരുകയാണ്. പരസ്യപ്രതിഷേധം പാർട്ടിയ്ക്കെന്ന പോലെ മുന്നണിയ്ക്കും തിരിച്ചടിയായി മാറുമോ എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം.

മുൻകാലങ്ങളിലൊന്നുമില്ലാത്ത വിധത്തിലുള്ള അണികളുടെ പ്രതികരണം സി.പി.എമ്മിനെ ഞെട്ടിക്കുന്നതായി. വോട്ടെടുപ്പിലേക്ക് കൂടി ഈ അമർഷം പടർന്നാൽ മുന്നണി മൂക്കുകുത്തിപ്പോവുമെന്ന തോന്നൽ പരക്കെയുണ്ട്.

കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുകൊടുക്കുകയാണെന്ന സൂചന വന്നപ്പോൾ തന്നെ പ്രതിഷേധം പാർട്ടിയ്ക്കകത്ത് ഉയർന്നുതുടങ്ങിയതാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടി തിരിച്ചുപിടിക്കാൻ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമുയർന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമുള്ള ബാനറുകൾ പലയിടത്തായി പ്രത്യക്ഷപ്പെട്ടതുമാണ്. നിരന്തരമായി ഉന്നയിച്ച ആവശ്യം നേതൃത്വം പരിഗണിക്കാതിരിക്കില്ലെന്ന് കരുതിയിരുന്നിടത്താണ് സീറ്റ് കേരളകോൺഗ്രസിനു തന്നെയെന്ന അന്തിമതീരുമാനം അറിയുന്നത്. പൊന്നാനിയിലെ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധപ്രകടനത്തിൽ നിന്നു ആവേശമുൾക്കൊണ്ടു കൂടിയാവണം തൊട്ടുപിന്നാലെ കുറ്റ്യാടിയിലും തെരുവിലിറങ്ങിയുള്ള പ്രതിഷേധം അരങ്ങേറുകയായിരുന്നു. കുറ്റ്യാടി കൂടിയില്ലെങ്കിൽ വടകര താലൂക്കിൽ പാർട്ടിയ്ക്ക് ഒരു സീറ്റ് പോലും ഇല്ലാതാവുകയല്ലേ എന്ന ചോദ്യമുയർത്തുകയാണ് പ്രാദേശിക നേതൃത്വം.

കോഴിക്കോട് നോർത്തിൽ എ.പ്രദീപ് കുമാറിന് പകരം സ്ഥാനാർത്ഥിയായി തീരുമാനിച്ച തോട്ടത്തിൽ രവീന്ദ്രനെതിരെ പാർട്ടിയ്ക്കുള്ളിൽ പലയിടത്തും മുറുമുറുപ്പ് പ്രകടമാണ്. യുവാക്കളെ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കട്ടെ എന്ന ആവശ്യമാണ് പ്രതിഷേധക്കാരുടേത്.

കുറ്റ്യാടിയോടു തൊട്ടുള്ള നാദാപുരം ഇത്തവണ സി.പി.ഐ യിൽ നിന്നു ഏറ്റെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാതെ പോയതിന്റെ അമർഷം ആ ഭാഗങ്ങളിലുമുണ്ട്. സീറ്റ് വെച്ചുമാറാനുള്ള നിർദ്ദേശം സി.പി.ഐ നിരാകരിക്കുകയായിരുന്നു. പടരുന്ന പ്രതിഷേധം തങ്ങളുടെ ഏക സീറ്റായ നാദാപുരത്തെ സാദ്ധ്യത ഇടിയാനിടയാക്കുമോ എന്ന ആശങ്ക സി.പി.ഐ നേതൃത്വത്തിനുണ്ട്.

സി.പി.എം അണികളുടെ അമർഷത്തിന്റെ പശ്ചാത്തലത്തിൽ വടകര സീറ്റിലേക്ക് മത്സരിക്കുന്ന എൽ.ജെ.ഡി യ്ക്കും ആശങ്ക കുറച്ചൊന്നുമല്ല. വിജയസാദ്ധ്യയുമുള്ള വടകര സീറ്റ് നഷ്ടപ്പെടാനിടയായാൽ എൽ.ജെ.ഡി യുടെ നിലനില്പ് ചോദ്യം ചെയ്യപ്പെടുമെന്നറിയാം പാർട്ടി നേതാക്കൾക്ക്. ജെ.ഡി.എസിന്റെ സിറ്റിംഗ് സീറ്റാണ് വടകരയെന്നതിന്റെ പ്രശ്നങ്ങളുമുണ്ട് മുന്നണിയിൽ.

എലത്തൂരിൽ എ.കെ.ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ എൻ.സി.പി യിൽ മാത്രമല്ല സി.പി.എം അണികൾക്കിടയിലും ശക്തമായ പ്രതിഷേധമുണ്ട്. അതിനിടെ, മണ്ഡലത്തിൽ ശശീന്ദ്രനെതിരെ പോസ്റ്ററുകൾ പടരുകയാണ്.

കോഴിക്കോട് സൗത്ത് പിന്നെയും ഐ.എൻ.എല്ലിന് വിട്ടുകൊടുക്കുന്നതിലുമുണ്ട് സി.പി.എമ്മിനകത്ത് പ്രതിഷേധം. ഐ.എൻ.എൽ അല്ലെങ്കിൽ ഈ സീറ്റ് പിടിച്ചെടുക്കാവുന്നതേയുള്ളൂവെന്ന അവകാശവാദമാണ് ഈ മണ്ഡലത്തിലെ പാർട്ടി അണികളുടേത്.

എൽ.ഡി.എഫിലെ പ്രശ്നങ്ങളും പ്രതിസന്ധിയും പരമാവധി മുതലെടുത്ത് ജില്ലയിൽ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.