പെരുവണ്ണാമൂഴി: ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതിക വാരാചരണത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ഡൽഹി ഐ.സി.എ.ആറിൽ നിന്നും ഏറ്റവും നല്ല വനിത കർഷകക്കുള്ള അവാർഡ് ലഭിച്ച കോഴിക്കോട് ഫറോക്ക് സ്വദേശിനി ടി.രേഖയെ
കെ.വി.കെ പ്രോഗ്രാം കോർഡിനേറ്റർ ഡോ. പി. രാധാകൃഷ്ണന് പൊന്നാടയണിയിച്ച് ആദരിച്ചു. അവാർഡിനായുള്ള മത്സരത്തിൽ അവസാന റൗണ്ടിൽ ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ച ഏക വനിത കർഷകയാണു രേഖ.
കെ.വി.കെ ഗൃഹ ശാസ്ത്രം സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് എ. ദീപ്തി അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഓയിസ്ക ചാപ്റ്റർ പ്രസിഡന്റ് ആർ. ഇന്ദുമതി, ഡോ. പി.എസ് മനോജ്, ഡോ.കെ.കെ ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് ജില്ലയിൽ കൃഷി രംഗത്ത് വിവിധ തുറകളിൽ കഴിവു ലഭിച്ച സാലി കോട്ടൂർ, ലിനിഷ ഉള്ള്യേരി, സക്കീന കാവുന്തറ, ജാൻസി തോമസ് ചാത്തങ്കോട്ടു നട, ബിന്ദു അജു മുതുകാട്, ഷൈല ജോസ് കൂരാച്ചുണ്ട്, ഷിബില നന്മണ്ട, മുംതാസ് ചേനോളി, സൗമിനി മേപ്പയ്യൂർ, ബീന ബാബു വേളം, ഗ്രേസി ജോസഫ് അടിവാരം, ഷാജി പോൾ മുതുകാട്, ശ്രീജ മുതുകാട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.