
പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നാൻ ബി.ജെ.പി
കോഴിക്കോട്: നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചിത്രം പലയിടത്തും തെളിഞ്ഞില്ലെങ്കിലും പ്രചാരണത്തിന് തുടക്കമിട്ട് മുന്നണികൾ. സ്ഥാനാർത്ഥി നിർണയത്തിലെ കല്ലുകടിക്കിടയിലും ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നിൽ എൽ.ഡി.എഫ് തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ചിട്ടയായ പ്രവർത്തനം മിന്നും വിജയം നൽകിയതിനാൽ നിയമസഭയിലും അതേ അടവുപയറ്റാണ് ഇടതുമുന്നണി. അതേസമയം യു.ഡി.എഫിലെ മെല്ലെപ്പോക്ക് തുടരുകയാണ്. ലീഗ് കേന്ദ്രങ്ങൾ ഉണർന്നുതുടങ്ങിയെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമാകാം പ്രചാരണം എന്ന നിലപാടിലാണ് കോൺഗ്രസ്. സ്വാധീന കേന്ദ്രങ്ങളിൽ ശ്രദ്ധയൂന്നാനാണ് എൻ.ഡി.എയുടെ ആലോചന. കോഴിക്കോട് നോർത്ത്, കുന്ദമംഗലം മണ്ഡലങ്ങളിലാണ് പ്രധാന നോട്ടം.
2016ൽ 13ൽ 11 നേടിയ എൽ.ഡി.എഫിന് ഇത്തവണ ലക്ഷ്യം സമ്പൂർണ വിജയമാണ്. വോട്ട് ചേർക്കൽ ഉൾപ്പെടെ ചിട്ടയായി പൂർത്തിയാക്കി മണ്ഡലങ്ങളിൽ മുന്നേറുന്ന എൽ.ഡി.എഫിന് സീറ്റ് വിഭജനത്തെ ചൊല്ലിയുണ്ടായ തർക്കം ക്ഷീണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഘടക കക്ഷികൾക്ക് സീറ്റ് നൽകേണ്ടി വന്ന സാഹചര്യം വിശദീകരിച്ച് പ്രതിസന്ധിയെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് സി.പി.എമ്മും മുന്നണിയിലെ മറ്റ് കക്ഷികളും.
യു.ഡി.എഫിൽ ചില സീറ്റുകളിൽ ഏത് പാർട്ടി മത്സരിക്കണമെന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാൽ പിന്നെ ഗ്രൂപ്പില്ല, ശക്തമായി മുന്നോട്ടുവരും എന്ന സ്ഥിരം പല്ലവി തന്നെയാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പറയുന്നത്. എന്നാൽ നാദാപുരം മണ്ഡലത്തിൽ കോൺഗ്രസ് ചലിച്ചു തുടങ്ങിയിട്ടുണ്ട്. കോലാഹലങ്ങളില്ലാതെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന ലീഗിനും ഇത്തവണ കാലിടറുകയാണ്. സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്തിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ മത്സരിക്കുമോയെന്ന കാര്യത്തിൽ പോലും ആശയക്കുഴപ്പമാണ്. മറ്റൊരു സിറ്റിംഗ് സീറ്റായ കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള പ്രചാരണം തുടങ്ങിയെങ്കിലും തിരിച്ചു പിടിക്കേണ്ട കൊടുവള്ളിയിലും തിരുവമ്പാടിയിലും അനിശ്ചിതത്വം തുടരുന്നു. വടകരയുടെ കാര്യത്തിലും ഔദ്യോഗിക നിലപാട് എത്തിയിട്ടില്ല. ചില സീറ്റുകൾ വെച്ചുമാറുന്ന ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് നേതാക്കൾ പറയുന്നത്.
എൻ.ഡി.എ വലിയ മുന്നേറ്രം ഉണ്ടാക്കുമെന്ന് നേതാക്കൾ പറയുന്നതല്ലാതെ അതിനാവശ്യമായ ചലനങ്ങളൊന്നും മണ്ഡലങ്ങളിലില്ല. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച വിജയയാത്ര അണികളിൽ ഓളം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇരുമുന്നണികളെയും മറികടക്കാനുള്ള പ്രവർത്തനങ്ങൾ ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടലോര യാത്ര ഉൾപ്പെടെ നടത്തി അനുകൂല വികാരം സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ബി.ഡി.ജെ.എസ് മത്സരിച്ച കോഴിക്കോട് സൗത്ത് ഏറ്റെടുക്കുമെന്ന പ്രചാരണവും സജീവമായിട്ടുണ്ട്. ഏറെ പ്രതീക്ഷയുള്ള കോഴിക്കോട് നോർത്തിൽ എം.ടി. രമേശിനെ ഇറക്കി വിജയമുറപ്പിക്കാനാണ് ആലോചന.