wyd
ദൂരെ നി​ന്ന് വെള്ളം കൊണ്ടുവരുന്ന കോളനി​ നുി​വാസി​

മാനന്തവാടി: തോൽപ്പെട്ടിയിലും അരണപ്പാറയിലും കുടിവെള്ള വിതരണം മുടങ്ങിയതിനെ തുടർന്ന് നാട്ടുകാർ ദുരിതത്തിലായി.
തോൽപ്പെട്ടിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവായി. ആഴ്ചകളായി ജലവിതരണം മുടങ്ങിയതോടെ കോളനി നിവാസികൾ അടക്കമുള്ളവർ കുടിവെള്ളത്തിനായി ഏറെ പ്രയാസപ്പെടുകയാണ്.

തോൽപ്പെട്ടി, അരണപ്പാറ, വെള്ളറ, നരിക്കല്ല്, മിച്ചഭൂമി തുടങ്ങിയ സ്ഥലങ്ങളിലാണ് പതിവായി കുടിവെള്ളം മുടങ്ങുന്നത്. ദിവസങ്ങളോളം തുടർച്ചയായി ജലവിതരണം മുടങ്ങുന്നത് പ്രദേശവാസികളെ ഏറെ പ്രയാസത്തിലാക്കുന്നുണ്ട്.

തിരുനെല്ലി പഞ്ചായത്തിലെ തിരുനെല്ലി വില്ലേജിലെയും തൃശ്ശിലേരി വില്ലേജിലെയും എല്ലാ ഭാഗങ്ങളിലേക്കും പാൽവെളിച്ചം കുടിവെള്ള പദ്ധതിയിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച് ഉയരം കൂടിയ പ്രദേശങ്ങളാണ് തോൽപ്പെട്ടിയും പരിസരങ്ങളും. അതുകൊണ്ടുതന്നെ വെള്ളം പമ്പുചെയ്ത് എത്താനും പ്രയാസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് കുഴൽ കിണർ സ്ഥാപിക്കുമെന്ന അധികൃതരുടെ വാഗ്ദാനം നിറവേറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. അടിയന്തര അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം സാധാരണ നിലയിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.