കോഴിക്കോട്: ചതിയിൽ പെടുത്തി ഖത്തറിൽ ജയിലിലാക്കിയ പാവങ്ങാട് കണിയന്താഴത്ത് അരുണിന്റെ മോചനത്തിനായി സർക്കാർ ഇടപെടണമെന്ന് ഭാര്യ കെ.അനുസ്മൃതിയും അരുൺ നിയമസഹായ സമിതി ഭാരവാഹികളും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഹോട്ടൽ മാനേജർ ജോലി വാഗ്ദാനം ചെയ്ത് കുറ്റ്യാടി സ്വദേശി ഷമീറാണ് അരുണിനെ ഖത്തറിലേക്ക് കൊണ്ടു പോയത്. അവിടെ എത്തിയ ശേഷം ഒരു സ്ഥാപനം തുടങ്ങാനാണെന്ന് പറഞ്ഞ് കുറെ ബ്ളാങ്ക് ചെക്കുകളിൽ അരുണിന്റെ ഒപ്പിട്ട് വാങ്ങി. ഹുസൈൻ, ജഫ്രി എന്നിവരുമായി ചേർന്നുള്ള സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഈ ചെക്കുകളുടെ പേരിൽ ഖത്തറിൽ എത്തി അധിക ദിവസം കഴിയും മുമ്പ് ജയിലാവുകയായിരുന്നു അരുൺ. പത്ത് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഖത്തറിലേക്ക് തിരിച്ചതായിരുന്നു അരുൺ.

ഷമീറിനെതിരെ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവൊന്നുമില്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.