മുക്കം: ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖല കമ്മിറ്റി മുക്കം എസ്.കെ സ്മാരക പാർക്കിൽ സംഘടിപ്പിച്ച "പെണ്ണൊച്ച" ശബ്ദമില്ലാത്തവരുടെ ശബ്ദമായി. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളാണ് പെണ്ണൊച്ച വിവിധ കലാപ്രകടനങ്ങളിലൂടെ ചർച്ച ചെയ്തത്. തത്സമയ ചിത്രംവരയുടെ ഉദ്ഘാടനം സിഗ്നി ദേവരാജ് നിർവഹിച്ചു. എൻ.കെ.രശ്മി, അശ്വനി മംഗളൻ, കെ ജി ഹൃദ്യ എന്നിവരും ചിത്രം വരച്ചു. പാർവതിയും സംഘവും നാടോടിപ്പാട്ടുകളും കാർത്യായനി കലാമന്ദിരം ശാസ്ത്രീയ നൃത്തവും പന്നിക്കോട് ബാലവേദി കൂട്ടുകാർ പാട്ടരങ്ങും ശാന്ത നീലേശ്വരം നാടൻ പാട്ടും അവതരിപ്പിച്ചു. തൊണ്ടിമ്മൽ ബാലവേദി അവതരിപ്പിച്ച കവിതാവിഷ്കാരത്തിൽ മീന ജോസഫ്, സതി തിരുവമ്പാടി, ശബരി മണാശ്ശേരി, എ.എസ്.നദി എന്നിവർ കവിതാലാപനം നടത്തി. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവർത്തകയായ ചിന്നമാളു അന്തർജനത്തെ ആദരിച്ചു. കൗൺസിലർമാരായ പ്രജിത പ്രദീപ്, അനിത, ഇ.സത്യനാരായണൻ, പരിഷത്ത് ജില്ല കമ്മിറ്റിയംഗം ബോബി ജോസഫ്, മേഖല സെക്രട്ടറി സി.ദേവരാജൻ, സലീന മുജീബ്, എ.പി.നൂർജഹാൻ, അശ്വിനിമംഗളൻ എന്നിവർ സംസാരിച്ചു. പി.സ്മിന അദ്ധ്യക്ഷത വഹിച്ചു.