കോഴിക്കോട് : ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ച നാലു വയസുകാരിയുടെ മൃതദേഹം ഇൻക്വസ്റ്റിന് മുമ്പ് സംസ്കരിച്ചതിന് വെള്ളയിൽ പൊലീസ് കുടുംബാംഗങ്ങൾ ഉൾപ്പെടെ ഏതാനും പേർക്കെതിരെ കേസെടുത്തു. പുതിയങ്ങാടി കുഞ്ഞുമൊയ്തീൻതൊടി അസറുവിന്റെ മകൾ ജസയുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻ അനുവദിക്കാതെ ഒരു സംഘമാളുകൾ കബറടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു മരണം. വീട്ടിലെ അടച്ചിട്ട മുറിയിൽ ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വഭാവികമരണമായതിനാൽ പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ഒരുങ്ങിയെങ്കിലും കുടുംബം അതിന് തയ്യാറായില്ല. തഹസിൽദാരും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി ഇൻക്വസ്റ്റ് ചെയ്യണമെന്ന കാര്യം വീട്ടുകാരെ ബോദ്ധപ്പെടുത്തിയിട്ടും കബറടക്കം നടത്തുകയായിരുന്നുവെന്നാണ് കേസ്.