സുൽത്താൻ ബത്തേരി: ചെതലയത്തിനടുത്ത് പാതയോരത്ത് പൂത്ത് നിൽക്കുന്ന മുളകളിൽ നിന്ന് പൊഴിയുന്ന മുളയരികൾ ശേഖരിക്കുന്ന തിരക്കിലാണ് കാടിന്റെ മക്കൾ. മുളകൾ പൂക്കുക അവയുടെ ആയുസ്സിൽ ഒരിക്കൽ മാത്രമാണ്. അതോടെ മുളകൾ നശിച്ചില്ലാതാവുകയും ചെയ്യും. ഇലകളെല്ലാം പൊഴിഞ്ഞ് പൂക്കൾ മാത്രമാണ് മുളന്തണ്ടുകളിലുണ്ടാവുക. കാഴ്ചയിൽ നെല്ല് പോലെ തോന്നുന്ന മുളയരികളുണ്ടാവുക ഈ പൂക്കളിലാണ്.
വയനാട്ടിലെ ആദിവാസികളുടെ ഭക്ഷണ ശീലങ്ങളിൽ പ്രധാനമാണ് മുളയരി കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ. കാട്ടിൽ വീണ് കിടക്കുന്ന മുള നെല്ല്, മുറത്തിലെടുത്ത് പേറ്റി, കഴുകിയുണക്കിയതിന് ശേഷം കുത്തി അരിയാക്കുകയാണ് ചെയ്യുന്നത്. പോഷക സമൃദ്ധമാണ് മുളയരി. രാസവളങ്ങളും കീടനാശിനികളും ഇല്ലാത്തത് കൊണ്ട് ഔഷധം തന്നെയാണെന്ന് പറയാം. ചോറും പലഹാരങ്ങളും പായസവുമൊക്കെ മുളയരി കൊണ്ടുണ്ടാക്കാം.