കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുളള നാമനിർദ്ദേശ പത്രിക നാളെ മുതൽ സ്വീകരിക്കും. മാർച്ച് 19 ആണ് അവസാന തീയതി. 20ന് സൂക്ഷ്മ പരിശോധന നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി 22. പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമെ അനുവദിക്കൂ. പത്രിക സമർപ്പിക്കാൻ വരുന്നവർ രണ്ട് വാഹനത്തിൽ കൂടുൽ ഉപയോഗിക്കരുത്. നാമനിർദ്ദേശപത്രിക ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി പത്രിക നൽകുന്നവർ ഡൗൺലോഡ് ചെയ്ത് പകർപ്പ് വരണാധികാരിക്ക് നൽകണം. സ്ഥാനാർത്ഥി കെട്ടിവെയ്‌ക്കേണ്ട തുകയും ഓൺലൈനായി അടയ്ക്കാം.
റിട്ടേണിംഗ് ഓഫീസറുടെ മുറിയിൽ പത്രികാ സമർപ്പണം, സൂക്ഷ്മ പരിശോധന, ചിഹ്നം അനുവദിക്കൽ തുടങ്ങിയവ സാമൂഹിക അകലം പാലിച്ച് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും. സ്ഥാനാർത്ഥിക്ക് കാത്തിരിപ്പിന് സ്ഥലം ക്രമീകരിക്കും. കൊവിഡ് ചട്ടപ്രകാരം ശാരീരിക അകലം പാലിക്കൽ, സ്ഥാനാർത്ഥിയും കൂടെ വരുന്നവർ മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് ധരിക്കൽ, ശരീര ഊഷ്മാവ് പരിശോധിക്കൽ എന്നിവ നിർബന്ധമാണ്.