കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ ഇന്നലെ മുതൽ വിതരണം തുടങ്ങി. അവധി ദിനമായ ഇന്ന് ഉൾപ്പെടെ പൊതുമേഖല, സർക്കാർ, അർദ്ധസർക്കാർ സ്ഥാപന മേധാവികൾ ഉത്തരവ് കൈപ്പറ്റാനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ജില്ലയിലെ 3790 ബൂത്തുകളിലേക്ക് പ്രിസൈഡിംഗ് ഓഫീസർമാര്‍, പോളിംഗ് ഓഫീസർമാർ, പോളിംഗ് അസിസ്റ്റന്റുമാർ, റിസർവ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.

ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കില്ല

പോളിംഗ് ഡ്യൂട്ടിക്കായി നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർക്ക് യാതൊരു കാരണവശാലും ഇളവ് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡ്യൂട്ടിയിൽ നിന്ന് മാറിനിൽക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കും. നിയമന അറിയിപ്പ് ലഭിച്ച ഉദ്യോഗസ്ഥർ പരിശീലനത്തിന് നിർബന്ധമായും ഹാജരാകണം.

നാമനിർദ്ദേശപത്രിക ഓൺലൈനായി സമർപ്പിക്കാം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ വെബ്സൈറ്റ് വഴി സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി നാമനിർദ്ദേശപത്രിക സമർപ്പിക്കാം. http://suvidha.eci.gov.in.