kunnamangalam-news
കാരന്തൂർ മർകസ് കോളേജ് വിദ്യാർഥികൾ സഹപാഠിക്കായി നിർമിച്ച വീട്

കുന്ദമംഗലം: കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർത്ഥികളും എൻ.എസ്.എസ് വോളണ്ടിയർമാരും സഹപാഠിക്ക് വീട് നിർമ്മിച്ചു നൽകി. ചാത്തമംഗലത്ത് പണിത വീടിന്റെ താക്കോൽ ദാനം അഡ്വ.പി.ടി.എ റഹീം എം എൽ എ നിർവഹിച്ചു. 2019ലെ പ്രളയത്തെ തുടർന്ന് പുഴ ഗതി മാറി ഒഴുകിയതോടെ കൂടറ്റുപോയ കുടുംബത്തിനാണ് മർകസിലെ സഹപാഠികൾ തുണയായത്.കൂട്ടുകാരിയുടെ പ്രയാസം അദ്ധ്യാപകരിലെത്തിച്ചതോടെ അടിയന്തര സഹായ പദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു. വിദ്യാർത്ഥികൾ നേരിട്ട് കലക്ഷൻ നടത്തിയാണ് നിർമാണത്തിനാവശ്യമായ തുകയിലധികവും സമാഹരിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടയിലും കൂട്ടുകാരിക്ക് വീടൊരുക്കിയ സന്തോഷത്തിലാണ് വിദ്യാർഥികൾ. മൂന്ന് വർഷത്തിനിടെ രണ്ട് വീടുകളുടെ നിർമിക്കാനും പത്ത് വീടുകളുടെ നിർമാണത്തിൽ പങ്കാളികളാവാനും മർകസ് വിദ്യാർഥികൾക്ക് സാധിച്ചു. ഡിഗ്രി പരീക്ഷയിൽ മികച്ച വിജയം നേടിയവൃക്കുളള എക്സലൻസി അവാർഡും പുതിയ അധ്യയന വർഷത്തെ വിദ്യാർഥികൾക്കുള്ള പ്രൊഫിഷൻസി അവാർഡും വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ.കെ അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക് പ്രൊജക്ട് ഡയറക്ടർ പ്രൊഫ ഉമറുൽ ഫാറൂഖ് അവാർഡ് വിതരണം ചെയ്തു. ഡോ. അവേലത്ത് സബൂർ തങ്ങൾ, ശമീർ സഖാഫി മപ്രം , എ.കെ ഖാദർ ,പ്രൊഫ മഹ്മൂദ് പാമ്പള്ളി, ഡോ.രാഘവൻ, ഡോ.സുമോദൻ, ഒ.മുഹമ്മദ് ഫസൽ, ജാബിർ കാപ്പാട് എന്നിവർ പ്രസംഗിച്ചു.