
കോഴിക്കോട്/ കൊച്ചി: കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ
ശേഷം കോഴിക്കോട് അത്തോളിയിലും, കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൊച്ചി വരാപ്പുഴയിലും ഭർത്താക്കന്മാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് അത്തോളി കൊടക്കല്ലിലെ ശോഭനയെയാണ് (50) കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ മരത്തടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ ഭർത്താവ് കൃഷ്ണനെ (59) ഇന്നലെ രാവിലെ തറവാട് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലയ്ക്ക് പിന്നിലെന്ന് പരിസരവാസികൾ പറയുന്നു. കൊല നടക്കുമ്പോൾ വീട്ടിൽ ദമ്പതികളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല.
ശോഭനയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും കിടപ്പുമുറിയിൽ അവർ രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു. കൃഷ്ണൻ അതിനിടയ്ക്ക് രക്ഷപ്പെട്ടിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് രാത്രി ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മക്കൾ: രമ്യ, ധന്യ. ഇരുവരും വിവാഹിതർ.
ഫോറൻസിക്,ഡോഗ് സ്ക്വാഡ് പരിശോധനയ്ക്ക് ശേഷം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി..
എറണാകുളം വരാപ്പുഴയിൽ ചേന്നൂർ മഠത്തിപ്പറമ്പിൽ ജോസഫ് (75), ഭാര്യ ലീല (65) എന്നിവരുടെ മൃതദേഹങ്ങൾ വീടിനുള്ളിലാണ് കണ്ടെത്തിയത്. ലീല വെട്ടേറ്റും ജോസഫ് തൂങ്ങിയും മരിച്ച നിലയിലായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ലീലയെ കൊലപ്പെടുത്തിയശേഷം ജോസഫ് തൂങ്ങിമരിച്ചതാകാമെന്നാണ് സൂചന. ഇവർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ബുധനാഴ്ച രാത്രി എട്ടരയോടെ വീട്ടിൽനിന്നു നിലവിളികേട്ട അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തസമ്മർദ്ദത്തിന് സ്ഥിരമായി മരുന്ന് കഴിച്ചിരുന്ന ജോസഫ്, രോഗം മൂർച്ഛിക്കുമ്പോൾ മാനസികവിഭ്രാന്തി കാട്ടുകയും ഭാര്യയോട് വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ബുധനാഴ്ച വൈകിട്ടും ദമ്പതികൾ തമ്മിൽ കലഹിച്ചിരുന്നു. ജോസഫ് എഫ്.എ.സി.ടി. ജീവനക്കാരനായിരുന്നു. ഡോ. ചാൾസ്, അലക്സ്, ജെസ് എന്നിവരാണ് മക്കൾ. കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.