gold

കോഴിക്കോട്:ചെന്നൈയിൽ നിന്ന് തൃശൂരിലെ ഒരു ആഭരണശാലയിൽ എത്തിക്കാനായി ചെന്നൈ - ആലപ്പുഴ സ്പെഷ്യൽ ട്രെയിനിൽ കടത്തിയ 7. 61 കോടി രൂപയുടെ 16.089 കിലോഗ്രാം സ്വർണം ആർ.പി.എഫ് പിടികൂടി. കാരിയർമാരായ മൂന്നു മലയാളി യുവാക്കൾ അറസ്റ്റിലായി.

റെയിൽവേ സംരക്ഷണ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയാണിതെന്ന് പാലക്കാട് ഡിവിഷൻ സുരക്ഷാ ഓഫീസർ ജിതിൻരാജ് പറഞ്ഞു.

ഇന്നലെ പുലർച്ചെ പോത്തന്നൂരിനും പാലക്കാട് ജംഗ്ഷനുമിടയിലായിരുന്നു സ്വർണവേട്ട. തൃശൂർ സ്വദേശികളായ തൈക്കാട്ടുശേരി ചെട്ടിപ്പറമ്പിൽ ഹൗസിൽ നിമേഷ് (32), കരുമാന്തറ ചക്കിങ്കൽ ഹൗസിൽ ഹരികൃഷ്ണൻ (33), കുനിശേരി കിടങ്ങൻ ഹൗസിൽ ജുബിൻ ജോണി (29) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിൽ നിന്ന് സ്വർണം കടത്താൻ തങ്ങൾക്ക് പതിനായിരം രൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്തതാണെന്നും തൃശൂരിലെ ഒരു ആഭരണനിർമ്മാണ ശാലയിൽ എത്തിക്കാനായിരുന്നു നിർദ്ദേശമെന്നുമാണ് യുവാക്കൾ മൊഴി നൽകിയത്.

സ്വിറ്റ്സർലൻഡിൽ നിന്ന് ചെന്നൈ തുറമുഖത്ത് എത്തിച്ച സ്വർണമാണിതെന്നാണ് വിവരം. ആർ.പി.എഫ് കൈമാറിയ കേസിൽ കസ്റ്റംസ് ഊർജ്ജിതാന്വേഷണം ആരംഭിച്ചു.

ആർ.പി.എഫ് സ്‌പെഷ്യൽ സ്‌ക്വാഡിൽ പ്രദീപ്, സാവിൻ, അബ്ബാസ് എന്നിവരായിരുന്നു അംഗങ്ങൾ.