autogas

കോഴിക്കോട്: പെട്രോളിനും ഡീസലിനും നിത്യേനയെന്നോണം വില കൂടുമ്പോൾ എൽ.പി.ജി - ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾക്കായിരുന്നു അല്പമെങ്കിലും ആശ്വാസം. എന്നാൽ, ഗ്യാസ് സ്റ്റേഷനുകൾ കൂടുതലും വറ്റിയതോടെ എൽ.പി.ജി ഓട്ടോ തൊഴിലാളികൾ തീരാദുരിതത്തിലായിരിക്കുകയാണ്.

പയ്യോളി ഗ്യാസ് സ്റ്റേഷനിൽ മൂന്നു മാസമായി ഇന്ധനമില്ല. ഏറ്റവും ഒടുവിൽ ഇവിടെ സ്റ്റോക്ക് വന്നത് ഡിസംബർ ആദ്യവാരമാണ്. ഇവിടെ നിന്ന് പതിവായി ഇന്ധനം നിറച്ചുവന്ന ഓട്ടോ തൊഴിലാളികൾക്ക് ഇപ്പോൾ കിലോമീറ്ററുകൾ താണ്ടി സഞ്ചരിച്ച് കണ്ണൂർ ജില്ലയിലേക്ക് കടക്കേണ്ടി വരുന്നു. അഞ്ചു വർഷം കൂടുമ്പോൾ നടത്തുന്ന പരിശോധനയിൽ പയ്യോളി സ്റ്റേഷനിലെ രണ്ട് ടാങ്കുകളിലൊന്ന് പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയതാണ് സ്റ്റോക്ക് വരവ് മുടങ്ങാൻ കാരണം. ടാങ്ക് മാറ്റി സ്ഥാപിച്ചെങ്കിലും വീണ്ടും ഇന്ധനം ലഭിക്കാൻ 'പെസ" (പെട്രോളിയം എക്സ്‌പ്‌ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ)യുടെ അനുമതി ലഭിച്ചിട്ടില്ല.

അഞ്ച് ദിവസമായി പുതിയങ്ങാടി ഗ്യാസ് സ്റ്റേഷനിലും രണ്ടു ദിവസമായി സരോവരം ഗാസ് സ്റ്റേഷനിലും ഇന്ധനമില്ല. ആകെ സ്റ്റോക്കുള്ളത് കുണ്ടായിത്തോടും മുക്കത്തും മാത്രം. ആയിരത്തിലധികം വരുന്ന എൽ.പി.ജി ഓട്ടോകളുടെ തള്ള് മുഴുവൻ ഈ രണ്ട് സ്റ്റേഷനുകളിലാണ്.

തൂത്തുക്കുടി ഗ്യാസ് പ്ലാന്റിൽ നിന്നാണ് ഓട്ടോ എൽ.പി.ജി ഇവിടേക്ക് എത്തുന്നത്. സ്റ്റേഷനുകളിൽ ഗ്യാസ് സ്റ്റോക്ക് തീർന്ന ശേഷമാണ് ഉടമകൾ ഓർഡർ ചെയ്യുന്നതെന്ന ആക്ഷേപമുണ്ട്. അതുകൊണ്ടു തന്നെ ദിവസങ്ങളോളം കാത്തിരിപ്പ് വേണ്ടി വരുന്നു.

ഓട്ടം കിട്ടാതെ ഓരോ ഭാഗത്തു നിന്നും ഇന്ധനമടിക്കാനായി ദൂരദിക്കുകളിലേക്ക് പോകേണ്ടി വരുന്നത് തൊഴിലാളികളെ വല്ലാതെ വലയ്ക്കുകയാണ്. ജില്ലയുടെ തെക്കൻ ഭാഗങ്ങളിലുള്ളവരിൽ പലരും ഏറെ ദൂരം സഞ്ചരിച്ച് കൊണ്ടോട്ടി സ്റ്റേഷനിൽ എത്തിയാണ് ഇന്ധനം നിറയ്ക്കുന്നത്.

 '' ആയിരത്തിലധികം വരുന്ന എൽ.പി.ജി ഓട്ടോ തൊഴിലാളികൾക്ക് അഞ്ച് സ്റ്റേഷൻ അല്ലെങ്കിൽ തന്നെ മതിയാവില്ല. അവയിൽ പോലും സ്റ്റോക്കില്ലാതായാൽ എന്തു ചെയ്യാൻ.

സജീവ്,

എൽ.പി.ജി ഓട്ടോ ഡ്രൈവർ

 'പെസ"യുടെ അനുമതി കിട്ടിയാലുടൻ പയ്യോളി സ്റ്റേഷനിൽ ഇന്ധനമെത്തും.

അനുവിന്ദ്,
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

സെയിൽസ് ഓഫിസർ